ബെംഗളൂരു: ഇഡി അന്വേഷണത്തെ എതിര്‍ത്ത് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്ന് ഇഡി അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു.

തന്റെ അക്കൗണ്ടിലെത്തിയത് നേരായ പണമാണ്. മാന്യമായ കച്ചവടത്തിലൂടെയാണ് പണം സമ്ബാദിച്ചത്. കോടിയേരി ബാലകൃഷ്ണനോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് അറസ്റ്റിന് പിന്നില്‍. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്‌ട്രീയസമ്മര്‍ദ്ദം കാരണമാണ്.

ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണ്. ഡ്രൈവര്‍ അനിക്കുട്ടനും അരുണുമായി ഇടപാടുകളില്ല. അനിക്കുട്ടനെ നിയന്ത്രിക്കുന്നത് താനല്ല. ഏഴുലക്ഷം മാത്രമാണ് തനിക്ക് വേണ്ടി അനിക്കുട്ടന്‍ നിക്ഷേപിച്ചത്. മറ്റ് ഇടപാടുകള്‍ ഒന്നും തന്റെ അറിവോടെയല്ലെന്നും ബിനീഷ് പറഞ്ഞു. അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാറാണ് ബിനീഷ് കോടിയേരിക്ക് വേണ്ടി ഹാജരായത്. കേസ് ഒക്ടോബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.