ചെന്നൈ: മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ സിവില്‍ കേസ് നല്‍കി തമിഴ് നടന്‍ വിജയ്. അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്ബര്‍മാര്‍ എന്നിവരുള്‍പ്പടെയുള്ള പതിനൊന്നു പേര്‍ ചേര്‍ന്ന് തന്റെ പേരിലോ തന്റെ ഫാന്‍സ്‌ ക്ലബ്ബിന്റെ പേരിലോ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതും കൂടിക്കാഴ്ചകള്‍ നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് കോടതിയെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി. 2020 ല്‍ നടന്‍ വിജയിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവ് പ്രശസ്ത സംവിധായകന്‍ എസ്‌എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. എസ്‌എ ചന്ദ്രശേഖര്‍ തന്റെ മകന്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തെ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന രാഷ്ട്രീയ പാര്‍ട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇതേത്തുടര്‍ന്ന് നടന്‍ വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതായി എല്ലാവരും കരുതി. എന്നാല്‍, തന്റെ പിതാവ് സ്ഥാപിച്ച അഖിലേന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി. പാര്‍ട്ടിയില്‍ ചേരരുതെന്ന് വിജയ് തന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

അതേസമയം തമിഴ്നാട്ടില്‍ അടുത്തമാസം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന് വിജയ് അനുമതി നല്‍കി. ഒമ്ബത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയന്‍, ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഒക്ടോബര്‍ ആറ്, ഒമ്ബത് തീയതികളില്‍ നടക്കുന്നത്. അംഗങ്ങള്‍ സ്വതന്ത്രരായിട്ടായിരിക്കും മത്സരിക്കുക. വിജയ് പ്രചാരണരംഗത്തുണ്ടാകില്ലെന്നാണ് വിവരം.