ബിജെപിയുടെ വോട്ട് രാഷ്ട്രീയത്തെ കുറ്റപ്പെടുത്തി പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. താലിബാന്‍, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ വിഷയങ്ങളില്‍ ബിജെപി വോട്ടുനേടാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മെഹ്ബൂബ മുഫ്തി വിമര്‍ശിച്ചു. ഏഴുവര്‍ഷം ബിജെപിയെ ജനങ്ങള്‍ സഹിച്ചുവെന്നും ബിജെപി ജമ്മുകശ്മീര്‍ നശിപ്പിക്കുകയാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.

ബിജെപി ഭരണത്തില്‍ രാജ്യവും ജനാധിപത്യവും അപകടത്തിലാണെന്ന് വിമര്‍ശിച്ച പിഡിപി നേതാവ് 70 വര്‍ഷമായി രാജ്യം കാത്തുസൂക്ഷിച്ച പ്രകൃതി വിഭവങ്ങളടക്കം വിറ്റുതുലച്ചെന്ന് കുറ്റപ്പെടുത്തി. ജമ്മുവില്‍ പിഡിപി യൂത്ത് വിംഗ് സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെഹ്ബൂബ മുഫ്തി.

‘സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി താലിബാനെയും അഫ്ഗാനിസ്ഥാനെയും പ്രചരണായുധങ്ങളാക്കും. അതുനടപ്പിലായില്ലെങ്കില്‍ പാകിസ്ഥാനിലെ ഡ്രോണുകളെ നിരത്തിലിറക്കും. ഇതവരുടെ തന്ത്രമാണ്. അവര്‍ ലഡാക്കിലേക്ക് കടന്നുകയറുന്ന ചൈനയെ കുറിച്ച് പറയില്ല.
കാരണം അതിലൂടെ അവര്‍ക്ക് വോട്ടുനേടാന്‍ കഴിയില്ല. പകരം പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും താലിബാനെയും കുറിച്ച് പറഞ്ഞ് അത് വോട്ടായി മാറ്റും.