അഫ്ഗാനിലെ മനുഷ്യരുടെ അവസ്ഥ തീര്‍ത്തും പരിതാപകരമാണെന്നും ഉടന്‍ അന്താരാഷ്‌ട്രതലത്തില്‍ സഹായമെത്തണമെന്നും റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ യു.എന്‍. അഭയാര്‍ത്ഥി വിഭാഗം തലവന്‍ ഫിലിപ്പോ ഗ്രാന്‍ഡിയാണ് അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

‘അഫ്ഗാനിലെ മനുഷ്യാവകാശ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ദുഷ്‌ക്കരമാണ്. പല പ്രവിശ്യകളിലേയും ജനങ്ങള്‍ കൊടിയ ദുരിതത്തിലാണ്. ഭക്ഷണവും ശുദ്ധജലവും ലഭിക്കാത്തവരുടെ എണ്ണം ലക്ഷക്കണക്കിനാണ്. മരുന്നുകളും താമസൗകര്യങ്ങളും ഇല്ലാതെ നിരവധിപേരാണ് കഷ്ടപ്പെടുന്നത്. അഫ്ഗാനിലെ അവസ്ഥയെ ലോകം തിരിച്ചറിയണം. അടിയന്തിര സഹായം നല്‍കേണ്ട സമയമാണിത്.’ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

താലിബാനാണോ മറ്റേതെങ്കിലും ഭരണകൂടമാണോ ഭരിക്കുന്നത് എന്നതല്ല മനുഷിക പ്രശ്‌നങ്ങളുടെ അടിസ്ഥാനം എന്ന് ഫിലിപ്പോ ചോദ്യത്തിനുത്തരമായി പറഞ്ഞു. ലോകത്തെ എല്ലാ രാജ്യങ്ങളും മരുന്നും ഭക്ഷണങ്ങളും സന്നദ്ധപ്രവര്‍ത്തകരേയും നല്‍കി അഫ്ഗാനിലെ പ്രതിസന്ധിപരിഹരിക്കാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും ഫിലിപ്പോ നിര്‍ദ്ദേശിച്ചു. ഒന്നരക്കോടിയിലധികം പേര്‍ക്ക് അടിയന്തിര സഹായം ആവശ്യമുണ്ട്. മൂന്നരക്കോടി ജനങ്ങളാണ് സ്വന്തം വീട് നഷ്ടപ്പെട്ട് അലയുന്നതെന്നും ഫിലിപ്പോ ചൂണ്ടിക്കാട്ടി.