ദല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത ആറംഗ ഭീകരസംഘത്തിന്റെ ആക്രമണ പദ്ധതി സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ ഒസാമ സമിയുടെ പിതാവ് ഒസാദുര്‍ റഹ്മാന്‍ ആണ് ആക്രമണത്തിന്റെ പ്രധാന ആസൂത്രകനെന്നാണു റിപ്പോര്‍ട്ട്. മദ്രസ നടത്തിയിരുന്ന ഇയാള്‍ ദുബായിയില്‍ അറസ്റ്റിലായെന്ന് കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്താനും അകോപനത്തിനു രണ്ടു പേരെ പരിശീലനത്തിന് അയയ്ക്കാന്‍ ഐഎസ്‌ഐ നിര്‍ദേശിച്ചപ്പോള്‍ ഇയാള്‍ മകന്‍ ഒസാമയെ നിയോഗിക്കുകയായിരുന്നു. രണ്ടാമനെ കണ്ടെത്താന്‍ ഒസാമയുടെ അമ്മാവനും യുപി സ്വദേശി ഹുമൈദിനെ ചുമതലപ്പെടുത്തി. ഇയാളാണ് അലഹാബാദ് സ്വദേശി സീഷന്‍ ഖമറിനെ തെരഞ്ഞെടുത്ത് അയച്ചത്. ഒസാമയ്ക്കും സീഷനും പാക്കിസ്ഥാനില്‍ പോകാന്‍ മൂന്നു ലക്ഷം രൂപ നല്‍കിയത് ഒസാദുറാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പാക്കിസ്ഥാനില്‍ സിന്ധ് പ്രവിശ്യയിലെ തട്ടയിലുള്ള ഫാംഹൗസില്‍ ഐഎസ്‌ഐയുടെ പരിശീലനം നേടിയിരുന്നു ഒസാമയും സീഷനും. അവിടെ ബംഗ്ലാ ഭാഷ സംസാരിക്കുന്ന 15 പേര്‍ കൂടി ഭീകരാക്രമണ പരിശീലനം നേടിയെന്നാണ് ഇവരുടെ മൊഴി. ഈ 15 പേരും ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടാകാം എന്നാണു പൊലീസ് നിഗമനം.

പാലങ്ങളും റെയ്ല്‍ പാളവും സ്‌ഫോടനത്തില്‍ തകര്‍ക്കുന്നതിനുള്ള പരിശീലനം ഇവര്‍ക്കു പാക്കിസ്ഥാനില്‍ ലഭിച്ചു. 26/11 സമാനമായി രാജ്യത്തെ ഞെട്ടിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരരില്‍ നിന്ന് 1.5 കിലോഗ്രാം ആര്‍ഡിഎക്‌സ് കണ്ടെടുത്തിട്ടുണ്ട്.

നവരാത്രി, രാംലീല ഉത്സവങ്ങളാണു പ്രധാന ലക്ഷ്യമെന്നു പിടിയിലായ ഭീകരര്‍ മൊഴി നല്‍കിയിരുന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായാണു വിവരം. മുംബൈയില്‍ അറസ്റ്റിലായ ജാന്‍ മുഹമ്മദ് ഷെയ്ഖിന് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി അടുത്ത ബന്ധമുണ്ടെന്നും അറിവായി. ദാവൂദ് സംഘത്തില്‍ നിന്നാണ് ഇവര്‍ക്കു സ്‌ഫോടക വസ്തുക്കളെത്തിയത്. ദാവൂദിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമിനായിരുന്നു ഇതിന്റെ നേതൃത്വം. ആക്രമണക്കേസ് പ്രതി അജ്മല്‍ കസബ് പരിശീലനം നേടിയ അതേ ക്യാംപിലാണ് ഇവര്‍ക്കും പരിശീലനം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.