ആലപ്പുഴ: ഇടതുമുന്നണിയില്‍ രണ്ടാം സ്ഥാനം ആര്‍ക്കാണെന്നറിയാന്‍ കിട്ടിയ സീറ്റുകളുടെ വ്യത്യാസം പരിശോധിച്ചാല്‍ മതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസി(എം)ന്റെ വിമര്‍ശനങ്ങള്‍ സംബന്ധിച്ച്‌ വാര്‍ത്താലേഖരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണക്കിനെക്കുറിച്ച്‌ പ്രാഥമിക ബോധമുള്ളവര്‍ 17ഉം അഞ്ചും തമ്മില്‍ വ്യത്യാസമില്ലെന്ന് പറയുമോ? ഞങ്ങള്‍ക്ക് 17 എം.എല്‍.എമാരുണ്ട്. അവര്‍ക്ക് അഞ്ചുപേരേയുള്ളൂ. പിന്നെങ്ങനെയാണ് അവര്‍ക്ക് മുന്നണിയില്‍ രണ്ടാം സ്ഥാനം കിട്ടുന്നത്? മുന്നണിയിലുള്ള കക്ഷികള്‍ക്ക് പരിഗണന മാത്രമല്ല ബഹുമാനവും നല്‍കുന്നുണ്ട്.
തെരഞ്ഞെടുപ്പിലെ വിജയപരാജയങ്ങള്‍ വിലയിരുത്തുന്നത് ഇതാദ്യമല്ല. സി.പി.എമ്മും സി.പി.ഐയും തെരഞ്ഞെടുപ്പ് അവലോകനയോഗങ്ങള്‍ കൂടുകയും അതില്‍ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. അത് എല്ലാകാലത്തുമുണ്ട്. ഇത് ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പുമല്ല. കേരള കോണ്‍ഗ്രസിന് ജനകീയ അടിത്തറയിയില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഔദ്യോഗികമായി തങ്ങള്‍ കേരള കോണ്‍ഗ്രസിനെതിരേ പറഞ്ഞില്ലല്ലോ. ചില മാധ്യമങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. തങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ തങ്ങള്‍ക്കറിയാം. കോണ്‍ഗ്രസ് തകര്‍ച്ചയുടെ വക്കിലാണ്. ഓരോരുത്തരായി അവിടെനിന്ന് രക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കാനം പറഞ്ഞു.