കായംകുളം: ഓര്‍മശക്തിയില്‍ മികവ് കാട്ടി മൂന്ന് വയസുകാരി റെക്കോഡ് നേട്ടത്തില്‍. കായംകുളം രാമപുരം ശ്രീലകത്തു വീട്ടില്‍ വൈശാഖ് – ലക്ഷ്മി ദമ്ബതികളുടെ മൂന്നുവയസ്സുകാരിയായ മകള്‍ വേദയാണ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയത്.

രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങള്‍, ഒമ്ബത് കേന്ദ്ര ഭരണ പ്രദേശങ്ങള്‍, എട്ടു ദേശീയ ചിഹ്നങ്ങള്‍, കേരളത്തിലെ പതിനാല് ജില്ലകള്‍, പന്ത്രണ്ട് ഇന്ത്യന്‍ ആഘോഷങ്ങള്‍, പതിനഞ്ചോളം കാര്‍ ബ്രാന്‍റുകള്‍, ശരീരത്തിലെ പതിനാല് അവയവങ്ങള്‍ എന്നിവ തിരിച്ചറിഞ്ഞു പറഞ്ഞും, ഇരുപതോളം പൊതുവിജ്ഞാന ചോദ്യങ്ങള്‍ക്കും രാമായണവുമായി ബന്ധപ്പെട്ട പതിനെട്ടു ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയുമാണ് വേദ കുരുന്ന് പ്രായത്തില്‍ തന്നെ നേട്ടം സ്വന്തമാക്കിയത്.

കൂടാതെ ഇരുപത്തിമൂന്നു മൃഗങ്ങള്‍, പതിനാല് പക്ഷികള്‍, ഒമ്ബത് തരം പ്രാണികള്‍, അഞ്ച് ഉരഗങ്ങള്‍ എന്നിവയുടെ മലയാളം പേരുകള്‍ കേട്ടതിനുശേഷം അതിന്‍റെ ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞതും മൂന്ന് വയസുകാരി വിസ്മയം തീര്‍ത്തു.

അമ്മ ലക്ഷ്മി പി.എസ്.സി പരീക്ഷക്കു വേണ്ടി തയാറെടുപ്പുകള്‍ നടത്തുമ്ബോള്‍ പൊതു വിജ്ഞാന വിവരങ്ങള്‍ കേട്ടാണ് വേദയുടെ പഠനത്തിന്‍റെ തുടക്കം. കേട്ടുപഠിച്ചവ പിന്നീട് മറ്റുള്ളവരോട് ചോദിക്കുകയും അതിനുത്തരം പറയിക്കുകയും ചെയ്ത് ശീലമായി.

രണ്ടാമത്തെ വയസ്സുമുതല് കാര്യങ്ങള് കേട്ട് മനഃപാഠമാക്കുന്ന ശീലം വേദയ്ക്കുണ്ടായിരുന്നു. ലക്ഷ്മിയാണ് റെക്കോഡ് നേട്ടത്തിന് മകളെ പ്രാപ്തയാക്കിയത്. ചാമ്ബ്യന്‍സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാനാണ് അടുത്ത ലക്ഷ്യമെന്ന് മുത്തശ്ശനായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണപിള്ളയും മുത്തശ്ശി ശ്രീലതയും പറയുന്നു.

നൃത്തത്തിലും പാട്ടിലുമൊക്കെ ബഹുമിടുക്കിയാണ് വേദ. ദുബൈയില്‍ ഷിപ്പിങ് കമ്ബനിയില് പ്രൊജക്‌ട് മാനേജരായി ജോലിചെയ്യുന്ന അച്ഛന്‍ വൈശാഖിനും അമ്മ ലക്ഷ്മിക്കുമൊപ്പം വേദ ദുബൈയിലാണുള്ളത്.