കറാച്ചി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തിയതോടെ പാകിസ്ഥാന്‍കാര്‍ പെരുത്ത് സന്തോഷത്തിലാണ്. ഗാലപ്പ് പാകിസ്ഥാന്‍ നടത്തിയ സര്‍വേയിലാണ് പാകിസ്ഥാനികളുടെ മനസിലിരിപ്പ് വ്യക്തമായത്. താലിബാനെ എതിര്‍ക്കുന്നത് വെറും 25ശതമാനം പേര്‍ മാത്രമാണ്.

2,400 പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. ഇതില്‍ ഖൈബര്‍ പ‌ഖ്തുന്‍ഖ്വ മേഖലയിലുള്ളവരില്‍ ഒട്ട‌ുമുക്കാല്‍ പേരും താലിബാന്‍ അധികാരത്തില്‍ വന്നതില്‍ സന്തോഷിക്കുന്നവരാണ്. ഇതിനൊപ്പം നഗരവാസികളില്‍ 59 ശതമാനവും താലിബാനെ സ്വാഗതം ചെയ്യുന്നവരാണ്. എന്നാല്‍ സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 36 ശതമാനം മാത്രമാണ് താലിബാനെ സ്വീകരിക്കുന്നത്. 58 ശതമാനം പുരുഷന്മാരും ഇതേ മനോഭാവക്കാരാണ്. എന്തുകൊണ്ടാണ് ഇവര്‍ താലിബാനെ ഇത്രയ്ക്ക് ഇഷ്ടപ്പെടുന്നതെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 13 നും സെപ്തംബര്‍ അഞ്ചിനും ഇടയിലാണ് സര്‍വേ നടത്തിയത്. ശരിഅത് അടിസ്ഥാനമാക്കിയുളള ഭരണം നടത്തുമെന്ന താലിബാന്റെ ഉറപ്പാണ് ഇതിനുകാരണമെന്നാണ് കരുതുന്നത്.

പാകിസ്ഥാന്റെ ഒത്താശയോടെയാണ് താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെന്നത് പകല്‍പോലെ വ്യക്തമാണ്. അഫ്ഗാന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പാക് ചാര സംഘടന നിരവധി പാകിസ്ഥാനികളെയാണ് ആയുധം നല്‍കി അതിര്‍ത്തി കടത്തിയത്. പഞ്ച്ഷീര്‍ താഴ്‌വര പിടിക്കാനുളള യുദ്ധത്തില്‍ താലിബാനുവേണ്ടി പാക് സൈനികര്‍ യുദ്ധം ചെയ്തതിന് വ്യക്തമായ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐ എസ് ഐയുടെ മേധാവി കാബൂളിലെത്തിയിരുന്നു. താലിബാനെ കാശ്മീരില്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കുമെന്ന് പാകിസ്ഥാനിലെ ഭരണ കക്ഷിയിലെ ഉന്നത നേതാക്കള്‍ തന്നെ പലതവണ പറഞ്ഞിരുന്നു.

അമേരിക്കന്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കി അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചത് കഴിഞ്ഞമാസമാണ്. അതിനുശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും കര്‍ശനമായ നിയന്ത്രണങ്ങളാണ് അവര്‍ ഏര്‍പ്പെടുത്തിയത്. ഹിജാബ് ധരിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേരെയാണ് താലിബാന്‍ കാെന്ന് തള്ളിയത്.