തായ്‌പേയ്: തായ്‌വാനെതിരെ നിരന്തരമായ പ്രകോപനം തുടര്‍ന്ന് കമ്യൂണിസ്റ്റ് ചൈന. സ്വതന്ത്ര്യരാജ്യമായി നിലനില്‍ക്കാനുള്ള തായ്‌വാന്റെ പരിശ്രമങ്ങളെ തകര്‍ക്കാനാണ് ബീജിംഗിന്റെ ശ്രമം. ഈ മാസം തുടര്‍ച്ചയായ 9-ാം ദിവസവും തായ്‌വാന്‍ വ്യോമാതിര്‍ത്തി ചൈനയുടെ യുദ്ധവിമാനങ്ങള്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.

അന്തര്‍വാഹിനികളെ തകര്‍ക്കാന്‍ ക്ഷമതയുള്ള ചൈനയുടെ ഷാന്‍സീ വൈ-8 എന്ന യുദ്ധവിമാനമാണ് തായ്‌വാന്‍ ആകാശത്ത് പലതവണ പ്രവേശിച്ചത്. വിമാനത്തിനെതിരെ തായ്‌വാന്‍ പലതവണ മുന്നറിയിപ്പ് നല്‍കുകയും റേഡിയോ സന്ദേശത്തിലൂടെ ചൈനീസ് സൈന്യത്തിനെ വിവരം അറിയിച്ചെങ്കിലും പ്രകോപനം തുടരുകയാണ്. ചൈനയുടെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് തായ്‌വാന്‍ ഉയര്‍ത്തുന്നത്.

കഴിഞ്ഞയാഴ്ച 19 വിമാനങ്ങളുമായി ചൈന അതിര്‍ത്തി ലംഘനം നടത്തിയിരുന്നു. വിമാന വേധ മിസൈലുകളെ അതിര്‍ത്തിയില്‍ വിന്യസിച്ചുകൊണ്ടാണ് തായ്‌വാന്‍ മറുപടി നല്‍കിയത്. തായ്‌വാന്‍ ഒരു സ്വതന്ത്ര രാജ്യമല്ലെന്നും തങ്ങളുടെ ഭൂവിഭാഗമാണെന്നും ഉറപ്പി ക്കാനാണ് ചൈനയുടെ ശ്രമം. നിലവില്‍ തായ് വാന്‍ തീരത്തിന് നേരെയുള്ള ആക്രമണം തടയാന്‍ അമേരിക്കന്‍ നാവികസേനയാണ് തെക്കന്‍ ചൈന കടലില്‍ പ്രതിരോധം സൃഷ്ടിച്ചിട്ടുള്ളത്.