തിരുവനന്തപുരം നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ മയക്ക് മരുന്ന് നല്‍കി കവര്‍ച്ചയാളെന്ന് സംശയിക്കുന്ന വ്യക്തിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. കുപ്രസിദ്ധ മോഷ്ടാവ് അസ്ഗര്‍ ബാഗ് ഷയുടെ ചിത്രമാണ് പുറത്തുവിട്ടത്. സംഭവസമയത്ത് ഇയാള്‍ ബോഗിയില്‍ ഉണ്ടായിരുന്നു എന്നാണ് മൊഴി.
അതേസമയം, 15 പവന്‍ നഷ്ടപ്പെട്ടെന്ന് കവര്‍ച്ചയ്ക്കിരയായ വിജയലക്ഷ്മി പറഞ്ഞു. ശരീരത്തില്‍ അണിഞ്ഞിരുന്നതും പൊതിഞ്ഞ് ചുരിദാറില്‍ സൂക്ഷിച്ചിരുന്ന ആഭരണവുമാണ് നഷ്ടമായത്. ട്രെയിന്‍ തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കവര്‍ച്ച മനസിലായതെന്നും വിജയലക്ഷ്മി പറഞ്ഞു.

സേലത്തിനും കോയമ്ബത്തൂരിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.

വിജയലക്ഷമിയും മകളും ചെങ്ങന്നൂരില്‍ ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാനാണ് നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തത്. കായംകുളത്തിറങ്ങേണ്ടവരായിരുന്നു ഇവര്‍. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മയങ്ങി പോയവരെ അബോധാവസ്ഥയില്‍ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് ബാഗും മറ്റും പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിനി കൗസല്യയും മോഷണത്തിനിരയായിരുന്നു. ഇവര്‍ ആലുവയില്‍ ഇറങ്ങേണ്ടതായിരുന്നു. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയോ അല്ലെങ്കില്‍ സ്‌പ്രേ ചെയ്‌തോ ബോധം കെടുത്തിയതാകാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.