ജറുസലേം: വടക്കന്‍ ഇസ്രായേലിലെ അതീവസുരക്ഷയുള്ള തടവറയില്‍ നിന്നും രക്ഷപെട്ട ആറ് പലസ്തീന്‍ തടവുകാരില്‍ നാലു പേരെ പിടികൂടി. അല്‍ അഖ്‌സ ബ്രിഗേഡ് നേതാവ് സക്കരിയ സുബൈദി, മൂന്ന് ജീവപര്യന്തം തടവുകള്‍ ഒന്നിച്ചനുഭവിക്കുന്ന മുഹമ്മദ് അറദെ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. രണ്ട് പേരെ ആദ്യം തന്നെ പിടികൂടിയിരുന്നു. ഇനി രണ്ടു തടവുകാര്‍ കൂടിയാണ് അറസ്റ്റിലാവാനുള്ളത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് തടവുകാര്‍ ജയില്‍ ചാടിയത്. ഇസ്രായേലിലെ അതീവ സുരക്ഷയുള്ള ഗില്‍ബോവ ജയിലില്‍ നിന്നാണ് തടവുകാര്‍ അതിവിദഗ്ധമായി രക്ഷപെട്ടത്. ഇസ്രായേലിന്റെ ശക്തമായ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റില്‍ നിന്നുള്ള പോലീസും സൈനികരും ഏജന്റുമാരും രക്ഷപെട്ട രണ്ട് തടവുപുള്ളികള്‍ക്കായുള്ള തിരച്ചിലില്‍ നടത്തുകയാണ്. ഗില്‍ബോവയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് സ്നിഫര്‍ നായ്ക്കളെ വിന്യസിക്കുകയും ചെക്ക് പോയിന്റുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്നും പോലീസ് വക്താവ് എലി ലെവി ഇസ്രായേലി കാന്‍ റേഡിയോയോട് പറഞ്ഞു.

ഒരേ സെല്ലില്‍ താമസിച്ചിരുന്ന ആറ് പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച്‌ രക്ഷപെട്ടത്. സെല്ലിലെ ഒരു ടോയ്‌ലറ്റിന് താഴെ നിന്ന് തുരങ്കം കുഴിച്ച്‌ ഇതുവഴിയാണ് ജയിലിനു പുറത്തെത്തിയത്. കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാര്‍ ആരുമറിയാതെ സെല്ലിലെ ടോയ്‌ലറ്റിനകത്ത് നിന്നും തുരങ്കം കുഴിച്ച്‌ തുടങ്ങിയിരുന്നു. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് ജയില്‍ അധികൃതര്‍ സംശയിക്കുന്നത്. ജയിലില്‍നിന്നും കൂടുതല്‍ പലസ്തീന്‍ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്. രക്ഷപെട്ടവര്‍ക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചതായി സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.