പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരങ്ങളുടെ അവകാശം കർഷകർക്ക് തന്നെയാണെന്ന് റവന്യു മന്ത്രി കെ രാജൻ. പ്രതിപക്ഷ ആരോപണം കർഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് മന്ത്രി നിയമസഭയിൽ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മരംമുറിക്കലിൽ ഉന്നതതല അന്വേഷണം തുടരുകയാണ് . നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോൾ നിയമോപദേശം തേടാതിരുന്നത്.
അനധികൃത മരംമുറിക്കാരെ സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ല. മരങ്ങളുടെ അവകാശം കർഷകർക്ക് ലഭിക്കാനായി പുതിയ നിയമ നിർമ്മാണം നടത്തും. ഇപ്പോഴുള്ള പ്രതിപക്ഷ ആരോപണം കർഷക താത്പര്യം അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്നും മന്ത്രി കെ രാജൻ നിയമസഭയിൽ ആരോപിച്ചു.

അണ്ടർ സെക്രട്ടറി ഒ ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി ഉത്തരവ് ഇറക്കിയതും പിൻവലിച്ചതും അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കെ രാജൻ നിയമസഭയിൽ വ്യക്തമാക്കി.

അതേസമയം, മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്.

വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങൾ മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നും പ്രതികൾ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ റിസർവ്വ് വനം തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ളയാണ് നടന്നതെന്നും സർക്കാർ വാദിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തെ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.