പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.
അന്വേഷണത്തിനായി സുപ്രിംകോടതി മുന്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂറിനെ ജുഡിഷ്യല്‍ കമ്മിഷനായി നിയമിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പശ്ചിമ ബംഗാളില്‍ നിരവിധി പേരുടെ ഫോണ്‍ പെഗസിസ് ചോര്‍ത്തിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് ജ്യോതിര്‍മയി ഭട്ടാചാര്യയും കമ്മിഷനില്‍ അംഗമാണ്. തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിയുടെ ഫോണും പെഗസിസ് ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്.

രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെടെ ഉന്നത നേതാക്കളുടെ ഫോണുകള്‍ പെഗസിസ് ചോര്‍ത്തിയിരുന്നു.
ഭൂരിഭാഗവും വിവിധ തെരഞ്ഞെടുപ്പ് സമയങ്ങളിലായിരുന്നു.
രാഹുല്‍ഗാന്ധി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടന്ന് വരുന്ന സമയത്ത്, 201819 കാലഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയത്. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷനായിരുന്നു അന്ന്. ഈ സമയത്ത് തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയത്. ആ സമയത്ത് പ്രിയങ്കാ ഗാന്ധിക്ക് ഫോണ്‍ ചോര്‍ത്തപ്പെട്ടുവെന്ന അലേര്‍ട്ട് മെസേജ് വന്നിരുന്നു. അന്നത് വിവാദമായിരുന്നു. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി ബന്ധമുള്ള അഞ്ച് പേരുടെ ഫോണും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

രാഹുലിനും പ്രിയങ്കയ്ക്കും പുറമെ, അന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക ലവാസ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേല്‍, വസുന്ധര രാജെ സിന്ധ്യയുടെ പ്രൈവറ്റ് സെക്രട്ടറി സഞ്ജയ് കച്ച്‌റൂ, പ്രവീണ്‍ തോഗാഡിയ, സഭയില്‍ വിശദീകരണം നല്‍കിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഫോണും ചോര്‍ത്തിയിട്ടുണ്ട്.

ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ ദി വയറാണ് പുറത്തുവിട്ടത്. ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത കേന്ദ്രം തള്ളുകയും ചെയ്തു.

ആദ്യ ഘട്ടത്തില്‍, ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും പേര് വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.രോഹിണി സിംഗ് ഫോണ്‍ ചേര്‍ത്തപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ പട്ടികയില്‍ ഉണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായുടെ സ്വത്തിലും വരുമാനത്തിലുമുണ്ടായ അനധികൃത വര്‍ധനവിനെക്കുറിച്ചുള്ള ആരോപണം റിപ്പോര്‍ട്ട് ചെയ്തത് രോഹിണി സിംഗ് എന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു. ദി വയറിന് വേണ്ടി ആയിരുന്നു രോഹിണിയുടെ അന്വേഷണം. റഫാല്‍ കരാര്‍ സംബന്ധിച്ച് 2018 ല്‍ നിരന്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഭാഗമായ സുശാന്ത് സിംഗിന്റെയും ഫോണ്‍ ചോര്‍ത്തപ്പെട്ടു. ഫോണ്‍ ചോര്‍ത്തപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ പട്ടികയിലുള്ള മറ്റ് മാധ്യമ പ്രവര്‍ത്തകരും സര്‍ക്കാരിനെതിരായി സുപ്രധാന വാര്‍ത്തകള്‍ പുറത്തുവിട്ടവരാണ്. കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇസ്രായേല്‍ കമ്പനി ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍.