തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഇന്നും നാളെയും വാരാന്ത്യ ലോക്ക്ഡൗണ്‍ ആണ്.

ഇന്നും നാളെയും ആവശ്യമേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ഹോട്ടലുകളില്‍ നിന്നും ഹോം ഡെലിവറി മാത്രമായിരിക്കും ഉണ്ടാവുക. ബേക്കറികള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കെഎസ് ആര്‍ടിസി ആവശ്യ സര്‍വീസുകള്‍ നടത്തും.

അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മിഷനുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍ നിലയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചു. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാറ്റഗറി എ, ബി, പ്രദേശങ്ങളില്‍ ഓഫീസുകളില്‍ 50 ശതമാനം വരെ മാത്രമാണ് ഹാജര്‍ അനുവദിക്കുക. കാറ്റഗറി സി പ്രദേശങ്ങളില്‍ 25 ശതമാനം വരെ ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചാവും ഓഫീസ് പ്രവര്‍ത്തനം. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വിസുകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

എ, ബി, പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50 ശതമാനം പേരും സി യില്‍ ബാക്കിവരുന്ന 75 ശതമാനം പേരും, എല്ലാ മേഖലയിലുമുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുണ്ടാവണം. അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാര്‍ മുന്‍കൈയെടുക്കണം എന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി വിഭാഗത്തില്‍ അവശ്യ സര്‍വിസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക.