കേരളം അടിസ്ഥാനസൗകര്യ വികസനത്തിന്റെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉത്പാദന യൂണിറ്റുകള്‍ ആരംഭിക്കണമെന്ന് നോര്‍ക്ക ഡയറക്ടറും എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍. മന്ത്രി പി. രാജീവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിലായിരുന്നു അദ്ദേഹം ഇക്കാര്യം നിര്‍ദ്ദേശിച്ചത്. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേര്‍ത്തത്.. ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, ഡോ. ആസാദ് മൂപ്പന്‍, സിദ്ദിഖ് അഹമദ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ പ്രവാസി വ്യവസായികള്‍ യോഗത്തില്‍ പങ്കെടുത്തു.

‘നിര്‍മ്മാണ യൂണിറ്റുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്‌ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് മുന്‍ഗണന നല്‍കം. വിദേശ രാജ്യങ്ങളില്‍ കേരളത്തിന്റെ മനുഷ്യ വിഭവശേഷി കൂടുതലായി ഉപയോഗിക്കുകയും അതുവഴി അവര്‍ വലിയ നേട്ടങ്ങളുമുണ്ടാക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങള്‍ നമ്മുടെ നാട്ടില്‍ത്തന്നെ ഉപയോഗിക്കാന്‍ കഴിയണമെന്നും’ അദ്ദേഹം ആവശ്യപ്പെട്ടു.

‘മികച്ച റോഡുകള്‍, വിവിധ മേഖലകളെ സംയോജിപ്പിക്കുന്ന ഗതാഗത സംവിധാനങ്ങള്‍, ഉത്പാദന യൂണിറ്റുകള്‍ക്ക് സഹായകരമാകുന്ന വിധത്തിലുള്ള വൈദ്യുതി യൂണിറ്റുകള്‍, സാങ്കേതിക വിദ്യാഭ്യാസമുള്ള മനുഷ്യവിഭവശേഷി തുടങ്ങി ഉത്പാദനവിതരണ യൂണിറ്റുകളുടെ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നിരവധി ഘടകങ്ങള്‍ സംസ്ഥാനത്തുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും’ അദ്ദേഹം യോഗത്തില്‍ വിശദീകരിച്ചു.