താലിബാന്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ അഫ്‌ഗാനിസ്ഥാനെ സഹായിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അഫ്‌ഗാനിസ്ഥാന്‍ സേനയെ സഹായിക്കുന്നതിനു വേണ്ടി താലിബാന്‍ മേഖലകളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ആക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആധിപത്യം തിരിച്ചു പിടിച്ചെന്നും ഏകദേശം 400നു മേലെ പ്രവിശ്യകളില്‍ താലിബാന്‍ തീവ്രവാദികള്‍ക്ക് മേല്‍ക്കൈയുണ്ടെന്ന് അമേരിക്കയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിറകേയാണ് താലിബാനെ തങ്ങള്‍ ആക്രമിച്ചുവെന്ന പെന്റഗണിന്റെ സ്ഥിരീകരണം വരുന്നത്.

അമേരിക്ക നടത്തിയ ആക്രമണങ്ങളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി തയ്യാറായില്ല. അഫ്ഗാന്‍ വ്യോമസേനയെ സഹായിക്കുന്നതിനു വേണ്ടി കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അമേരിക്കയുടെ വ്യോമസേന താലിബാന്‍ മേഖലകളില്‍ ആക്രമണം നടത്തിയെന്നും ഇനിയും ഇത് തുടരുമെന്നും കിര്‍ബി പറഞ്ഞു. ഒരു ഉന്നത സൈനികോദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അമേരിക്ക ഏഴോളം ആക്രമണങ്ങള്‍ താലിബാന്‍ മേഖലയില്‍ നടത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും ഡ്രോണുകള്‍ ഉപയോഗിച്ചുള്ളവയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മുന്നേറ്റമാണ് താലിബാന്‍ അഫ്ഗാന്‍ സേനക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പാക്കിസ്ഥാന്റെ സഹായവും ലഭിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.