ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ നടപടിയെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഹൈക്കോടതി പരാമര്‍ശം നിയമപ്രശ്നമായതിനാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാനാണ് മുതിര്‍ന്ന അഭിഭാഷകന്‍ പരാശരനില്‍ നിന്ന് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് വിവാദം ഉയരേണ്ടതില്ല. 80: 20 അനുപാതം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ തീരുമാനത്തിനെതിരായ വിധിയാണുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍, പൊതുവികാരം കണക്കിലെടുത്തുള്ള തീരുമാനമുണ്ടാകണമെന്നും, അതിന്റെ പേരില്‍ സ്പര്‍ദ്ധയോ വിദ്വേഷമോ പാടില്ലെന്നും ധാരണയായി. അങ്ങനെയാണ് നിലവില്‍ കിട്ടുന്നവരുടെ ആനുകൂല്യങ്ങളില്‍ കുറവൊന്നും വരുത്താതെ, ജനസംഖ്യാനുപാതികമായി ആനുകൂല്യം തീരുമാനിച്ചത്. വിധിയുടെ ഒരു ഭാഗം പരാതിയില്ലാതെ പരിഹരിച്ചു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ വര്‍ഗീയസ്പര്‍ദ്ധ ഉയര്‍ത്തുന്നതൊന്നും സംഭവിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലപാട് മാറ്റിയിട്ടില്ല: വി.ഡി. സതീശന്‍

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ മൂന്ന് തവണ സംസാരിച്ചപ്പോഴും ഒരേ അഭിപ്രായമാണ് താന്‍ പറഞ്ഞതെന്നും, ഒരിക്കലും മാറ്റിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സഭയില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം ഭാഗികമായി സ്വാഗതം ചെയ്യുന്നു. ഭാഗികമായെന്ന വാക്ക് ഒഴിവാക്കിയാണ് ചിലര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചത്. വിഷയത്തില്‍ യു.ഡി.എഫില്‍ ഒരേഅഭിപ്രായമാണുള്ളത്. എല്‍.ഡി.എഫില്‍ അങ്ങനെയായിരുന്നില്ല. അപ്പീല്‍ പോകണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടപ്പോള്‍,​ കോടതി വിധി നടപ്പാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സി.പി.എമ്മിനും സി.പി.ഐക്കും അഭിപ്രായം പോലുമില്ലായിരുന്നു. സച്ചാര്‍, പാലൊളി കമ്മിറ്റികളുടേത് ഒരേ ശുപാര്‍ശകളാണ്. അതൊരു പ്രത്യേക സ്കീമാക്കണം. ഇതൊരു വലിയ തുകയുടെ സ്കോളര്‍ഷിപ്പ് സ്കീമല്ല. ഏറ്റവും വലിയ തുക ലഭിക്കുന്ന 17000 പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന് നഷ്ടമാക്കി. ഇതൊരിക്കല്‍ നടപ്പാക്കിയില്ലെങ്കില്‍ പിന്നീട് മറ്റൊരു സംസ്ഥാനത്തിന് ലഭിക്കും. കേരളത്തിന്റെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ് ഇപ്പോള്‍ യു.പിക്കാണ് ലഭിച്ചിരിക്കുന്നത്. ചെറിയ തുക കിട്ടുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും സതീശന്‍ പറഞ്ഞു.