ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ സ്ഥാനത്തുനിന്നും മാറ്റി. സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന് കണ്ടത്തലിനെ തുടര്‍ന്നാണ് നടപടി. പി.കെ.ശ്രീവത്സ കുമാറിന്റെ നിയമനം സംബന്ധിച്ച്‌ മുഖ്യമന്ത്രിയ്ക്കും പരാതി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍റെ പഴ്സനല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. ജില്ലാ കമ്മിറ്റിയിലെ ചിലരുടെ ശുപാര്‍ശ പ്രകാരമായിരുന്നു നിയമനം. ചട്ടങ്ങള്‍ മറികടന്നു മറ്റൊരു വകുപ്പിലെ കാര്യത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പഴ്സനല്‍ സ്റ്റാഫില്‍നിന്നു മന്ത്രി ഒഴിവാക്കി.
രണ്ടാം പിണറായി സര്‍ക്കാരില്‍ ഇയാളെ പഴ്സനല്‍ സ്റ്റാഫായി നിയമിച്ച്‌ ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നു നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു. തെറ്റായി ഉത്തരവിറങ്ങിയതിനെ തുടര്‍ന്നാണു നിയമനം റദ്ദാക്കിയതെന്നു പൊതുഭരണവകുപ്പ് അധികൃതര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പേഴ്‌സനല്‍ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നു സിപിഎം നിര്‍ദേശിച്ചിരുന്നു. ഇക്കാരണത്താല്‍ ഏറെ ആലോചനകള്‍ക്കുശേഷമാണു സ്റ്റാഫിനെ നിയമിക്കുന്നത്.