മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ഛജ്ജു എന്നറിയപ്പെടുന്ന ഛൈമർ ആണ് പിടിയിലായത്. ഞായറാഴ്ച ആയിരുന്നു അറസ്റ്റ്. യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സും പഞ്ചാബ് പൊലീസും സംയുക്തമായായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.

സംഭവത്തിനു ശേഷം താൻ ഹൈദരാബാദിലേക്ക് കടന്നതായി ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. കുറച്ചുനാൾ അവിടെ കഴിഞ്ഞതിനു ശേഷം നാട്ടിലേക്ക് തിരികെയെത്തി. ചെടി വിൽക്കാനെന്ന വ്യാജേന സംഘത്തിലെ വനിതകളാണ് റെയ്നയുടെ അമ്മാവൻ്റെ വീട് നിരീക്ഷിച്ചത്. തുടർന്നായിരുന്നു മോഷണം.

മോഷണശ്രമത്തിനിടെയാണ് 58 കാരനായ അമ്മാവൻ അശോക് കുമാർ കുത്തേറ്റ് മരിച്ചത്. മറ്റ് കുടുംബാംഗങ്ങൾക്കും പരുക്കേറ്റിരുന്നു. പഞ്ചാബിലെ പത്താൻകോട്ടിലെ തരിയൽ ഗ്രാമത്തിലാണ് റെയ്നയുടെ അച്ഛന്റെ സഹോദരി ആശാ ദേവിയും കുടുംബവും താമസിക്കുന്നത്. ഇവർക്ക് നേരെ ഓഗസ്റ്റ് 19-ന് അർധരാത്രി ആയിരുന്നു ആക്രമണം. കാലെ കച്ചേവാല’ എന്ന മോഷണ സംഘമാണ് ആക്രമണത്തിനു പിന്നിൽ. അശോക് കുമാറിൻ്റെ ഭാര്യക്കും മക്കൾക്കും അമ്മയ്ക്കുമെല്ലാം പരുക്കേറ്റിരുന്നു. ഇവരിൽ ഒരാൾ പിന്നീട് മരണപ്പെട്ടു.