ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഡറമിനെതിരായ പരിശീലന മത്സരത്തിൽ കളിക്കാനിറങ്ങാത്തതിനു കാരണം പരുക്കെന്ന് ബിസിസിഐ. വാർത്താകുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിച്ചത്.

വിരാട് കോലിക്ക് പുറംവേദന ആണെന്നാണ് ബിസിസിഐയുടെ വിശദീകരണം. അജിങ്ക്യ രഹാനെ ആവട്ടെ തുടഞരമ്പിനു പരുക്കേറ്റ് വിശ്രമത്തിലാണ്. താരം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് പൂർണമായും പരുക്കിൽ നിന്ന് മുക്തനാവുമെന്നും ബിസിസിഐ വ്യക്തമാക്കുന്നു.

അതേസമയം, പരിശീലന മത്സരത്തിൽ ലോകേഷ് രാഹുൽ തിളങ്ങി. സെഞ്ചുറി നേടിയ താരം ഉടൻ റിട്ടയേർഡ് ഔട്ടായി മടങ്ങി. രോഹിത് ശർമ്മ (9) വേഗം പുറത്തായപ്പോൾ മായങ്ക് അഗർവാൾ (28), ഹനുമ വിഹാരി (24), ചേതേശ്വർ പൂജാര (21) എന്നിവർക്ക് തുടക്കം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രവീന്ദ്ര ജഡേജ (70) ക്രീസിൽ തുടരുകയാണ്. കൗണ്ടി ഇലവനു വേണ്ടി ഇന്ത്യൻ താരങ്ങളായ അവേഷ് ഖാനും വാഷിംഗ്‌ടൺ സുന്ദറും കളിക്കാനിറങ്ങിയിരുന്നു. 9.5 ഓവർ എറിഞ്ഞ അവേഷ് ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. താരം പരുക്കേറ്റ് പുറത്തായി, വാഷിംഗ്ടൺ സുന്ദർ ഇതുവരെ പന്തെറിഞ്ഞിട്ടില്ല.