ജമ്മു കശ്മീരിന് തിളങ്ങുന്ന നാമമാണ് ഇപ്പോള്‍ ഫ്‌ളൈയിംഗ് ഓഫീസര്‍ മവ്യ സുദാന്‍. ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ചരിത്രത്തില്‍ ആദ്യമായി ഫൈറ്റര്‍ പൈലറ്റ് പദവിയില്‍ നിയോഗിക്കപ്പെടുന്ന ജമ്മു കശ്മീരില്‍ നിന്നുള്ള വനിതാ ഓഫീസറാണ് മവ്യ.

ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ വനിതാ ഫൈറ്റര്‍ പൈലറ്റായി തെരഞ്ഞെടുക്കപ്പെടുന്ന 12ാമത്തെ ഓഫീസറാണ് മവ്യ. ജമ്മു ഡിവിഷനിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലാംബെരി ഗ്രാമത്തില്‍ നിന്നുമാണ് 24കാരി മവ്യ സുദാന്‍.

ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ വെച്ചാണ് ഫൈറ്റര്‍ പൈലറ്റായി മവ്യയെ കമ്മീഷന്‍ ചെയ്തത്. എയര്‍ ഫോഴ്‌സ് മേധാവി ആര്‍കെഎസ് ബദൗരിയ മുഖ്യാതിഥിയായി. ജമ്മു കശ്മീര്‍ ഭരണകൂടത്തില്‍ നിന്നും, രാഷ്ട്രീയ നേതാക്കളും, മറ്റ് പ്രമുഖരും മവ്യക്ക് അഭിനന്ദനവുമായി രംഗത്തെത്തി.

മവ്യ ചരിത്രം കുറിയ്ക്കുന്ന നിമിഷത്തില്‍ ഏറെ അഭിമാനവും സന്തോഷവുണ്ടെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ജനറല്‍ ഓഫീസ് ട്വീറ്റ് ചെയ്തു. ലക്ഷക്കണക്കിന് വരുന്ന പെണ്‍മക്കള്‍ക്ക് സ്വപ്നം കാണാനുള്ള ചിറകുകളാണ് മവ്യയുടെ നേട്ടത്തിലൂടെ വിരിഞ്ഞതെന്നും ട്വീറ്റ് കൂട്ടിച്ചേര്‍ത്തു.