ന്യൂഡല്‍ഹി: കൊവിഡും ഗതാഗതനിയന്ത്രണങ്ങളും കാരണം പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പുണ്യനദികളില്‍ നിമഞ്ജനം ചെയ്യാന്‍ കഴിയാതെ ആകുലപ്പെടുന്നവരെ സഹായിക്കാന്‍ തപാല്‍ വകുപ്പിന്റെ പുതിയ പദ്ധതി.
ചിതാഭസ്മങ്ങള്‍ സ്പീഡ് പോസ്റ്റിലൂടെ അയച്ചാല്‍,​ അവ പുണ്യനദികളില്‍ നിമഞ്ജനം ചെയ്ത് മരണാനന്തര ക്രിയകള്‍ നടത്തിയശേഷം ഗംഗാ ജലം തിരികെ ബന്ധുക്കള്‍ക്ക് അയയ്ക്കും.

തപാല്‍ വകുപ്പും ഓം ദിവ്യ ദര്‍ശന്‍ എന്ന സന്നദ്ധസംഘടനയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യം omdivysdarshan.org എന്ന പോര്‍ട്ടലില്‍ കയറി രജിസ്റ്റര്‍ ചെയ്യണം. ശേഷം വാരണാസി,​ പ്രയാഗ്‌രാജ്,​ ഹരിദ്വാര്‍,​ ഗയാ എന്നീ പുണ്യസ്ഥലങ്ങളിലേക്ക് സ്പീഡ് പോസ്റ്റിലൂടെ ചിതാഭസ്മം അയയ്ക്കണം. കവറിന് മുന്നില്‍ “ഓം ദിവ്യ ദര്‍ശന്‍ ” എന്ന് എഴുതിയിരിക്കണം. സ്പീഡ് പോസ്റ്റിന്റെ തുക അയയ്ക്കുന്നയാള്‍ വഹിക്കണം. ഇതിന്റെ വിവരങ്ങള്‍ ഓം ദിവ്യ ദര്‍ശന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. പാക്കറ്റ് അവിടെ ലഭിച്ചാലുടന്‍ വിവരം അയച്ചയാളെ അറിയിക്കും. ഒപ്പം മരണനാന്തര ചടങ്ങുകള്‍ നടക്കുന്ന ദിവസം മുന്‍കൂര്‍ അറിയിച്ച്‌ അവ ലൈവായി കാണാനുള്ള അവസരം കുടുംബാംഗങ്ങള്‍ക്ക്
ഒരുക്കും. മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ഒരു കുപ്പി ഗംഗാജലവും ശേഷം ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും.