ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി രാഷ്ട്രീയത്തിലേയ്ക്ക്. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വിവാദ വ്യവസായിയുമായ റോബര്‍ട്ട് വാദ്രയാണ് രാഷ്ട്രീയ പ്രവേശനം ഉണ്ടായേക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ കുടുംബ പാര്‍ട്ടിയെന്ന ചീത്തപ്പേര് കോണ്‍ഗ്രസിനെ വിട്ടുമാറില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

‘ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചെയ്യുന്ന കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ ഇല്ലാതിരിന്നിട്ടും ഞാന്‍ ഇതിനോടകം തന്നെ ചെയ്തിട്ടുണ്ട്. ജനങ്ങള്‍ എന്നിലെ നന്മകള്‍ തിരിച്ചറിഞ്ഞ് എന്നിലേയ്ക്ക് വരുന്നണ്ട്. എന്നാല്‍ രാഷ്ട്രീയത്തിന് അതീതമായാണ് ഞാന്‍ അവരെ സമീപിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ഞാന്‍ എന്നും ഇവിടെ തന്നെയുണ്ടാകും.സമയമാകുമ്ബോള്‍ ജനങ്ങളുടെ പ്രതിനിധിയായി അവരെ ഭാവിയിലേയ്ക്ക് നയിക്കാനും ഞാന്‍ ഉണ്ടാകും’- വാദ്ര പറഞ്ഞു.

രാഷ്ട്രീയ കുടുംബത്തിന്റെ ഭാഗമായതിനാല്‍ തന്നെ എല്ലാ ദിവസവും രാഷ്ട്രീയവുമായി താനും ബന്ധപ്പെടാറുണ്ടെന്ന് റോബര്‍ട്ട് വാദ്ര വ്യക്തമാക്കി. മതപരമായ ചടങ്ങുകളും നിയമസഭ തെരഞ്ഞെടുപ്പുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളുമാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്ന് പറഞ്ഞ വാദ്ര കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.