തിരുവനന്തപുരം : മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ ബിജെപി കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി ബിഎസ്‌പി സ്ഥാനാര്‍ത്ഥി കെ സുന്ദര രംഗത്ത് എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കെ സുന്ദര ഉന്നയിച്ച കോഴ വിവാദത്തില്‍ പ്രതികരിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍.

സുരേന്ദ്രനെതിരായ കൈക്കൂലി സംബന്ധിച്ച പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടി തീരുമാനിക്കുമെന്നും ആരോപണ വിധേയനുള്‍പ്പെടെ നോട്ടീസ് നല്‍കി വിശദീകരണം തേടുമെന്നും ടീകാ റാം മീണ പറഞ്ഞു. ‘കോടതിയിലെ കേസില്‍ കമ്മീഷന്റെ അഭിപ്രായമായി സത്യവാങ്മൂലം സമര്‍പ്പിക്കും. കോഴ ആരോപണം തെളിഞ്ഞാല്‍ ആറ് വര്‍ഷം വരെ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്താവുന്ന കുറ്റമാണ്.’ -ടീകാ റാം മീണ വ്യക്തമാക്കി