ലോകമെമ്പാടും കോവിഡ് വാക്സിന്‍ ലഭ്യമാക്കാനുള്ള ചെലവ് ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജി 7 രാജ്യങ്ങള്‍ വഹിക്കണമെന്ന് മുന്‍ ലോകനേതാക്കള്‍. വെളളിയാഴ്ച തുടങ്ങുന്ന ജി 7 സമ്മേളനത്തിന് മുന്നോടിയായാണ് 100 മുന്‍ പ്രധാനമന്ത്രിമാരും വിദേശമന്ത്രിമാരും ഒപ്പിട്ട കത്ത് നല്‍കിയത്. മഹാമാരി നിര്‍വ്യാപനത്തില്‍ 2020ല്‍ ജി 7 പരാജയപ്പെട്ടെന്നും 2021ല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ വൈറസിന് വീണ്ടും ജനിതകമാറ്റം സംഭവിക്കുകയും അപകടകരമായ സ്ഥിതി ഉണ്ടാകുകയും ചെയ്യുമെന്നും മുന്‍ നേതാക്കള്‍ ഓര്‍മിപ്പിച്ചു.

മഹാമാരിയെ ചെറുക്കാന്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് 3000 കോടി ഡോളര്‍ വീതം ചെലവാകും. ഇത് നല്‍കാന്‍ സമ്മേളനത്തില്‍ തീരുമാനം എടുക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നത് കാരുണ്യപ്രവര്‍ത്തനമല്ല, സ്വന്തം സുരക്ഷയ്ക്കും അത്യാവശ്യമാണെന്ന് ജി 7 രാഷ്ട്രങ്ങള്‍ ഓര്‍മിക്കണം–- കത്തില്‍ പറഞ്ഞു.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ഗോര്‍ഡന്‍ ബ്രൗണ്‍, ടോണി ബ്ലെയര്‍, മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന് കി മൂണ്‍ തുടങ്ങിയവരാണ് കത്തില്‍ ഒപ്പിട്ടത്.