ഡോ. ജോര്‍ജ് എം. കാക്കനാട്

ആരും കൊതിക്കുന്ന ഹോളിവുഡിന്റെ അഭ്രപാളിയിലെ മലയാളി സാന്നിധ്യമാണ് സന്ദീപ് ജേക്കബ് ലൂക്കോസ്. ആയോധനകലയിലെ അഭ്യാസമുറകളാല്‍ സ്‌ക്രീനില്‍ അഭിനയമികവ് തീര്‍ക്കുകയാണ് ഈ ചെറുപ്പക്കാരന്‍. കോട്ടയം സ്വദേശിയായ സന്ദീപ് കഥയെഴുതി സംവിധാനം ചെയ്ത ഔട്ട്‌റേജ് എന്ന ചിത്രം പ്രേക്ഷകനിരൂപക ശ്രദ്ധ ഒരു പോലെ ആകര്‍ഷിക്കുന്നു. ഈ ഹോളിവുഡ് ചിത്രം കോവിഡിനെ തുടര്‍ന്ന് ആഗോളവ്യാപകമായി റിലീസ് ചെയ്തിട്ടില്ലെങ്കിലും വ്യത്യസ്ത രാജ്യങ്ങളിലായി വിതരണം ചെയ്യുകയാണ്. ആമസോണ്‍ ഉള്‍പ്പെടെയുള്ള ഒടിടി-യില്‍ ചിത്രമെത്തി കഴിഞ്ഞു. അഭിനയമികവ് മാത്രമല്ല ആയോധനകലകളുടെ വിസമയിപ്പിക്കുന്ന പ്രകടനമാണ് സന്ദീപിന്റെ ഏറ്റവും വലിയ പ്രത്യേകത. നിരവധി ചിത്രങ്ങളില്‍ സ്റ്റണ്ട് കോറിയോഗ്രാഫി ചെയ്തതിനു ശേഷമാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഇതുവരെ മൂന്നിലധികം ഹോളിവുഡ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.

പിതാവ് ലൂക്കോസ് ടി ജേക്കബ്, അമ്മ ബെറ്റ്‌സി ലൂക്കോസ് എന്നിവര്‍ സ്‌കൂള്‍ അധ്യാപകരായിരുന്നു. ഒരു സഹോദരിയുണ്ട്, റോഷ്‌നി. കഥകളുടെയും ഭാവനകളുടെയും ലോകത്ത് ആഴത്തില്‍ മുഴുകിയ സന്ദീപിനെ അഞ്ചാം വയസ്സില്‍ പിതാവ് ആയോധനകലയുടെ ലോകത്തേക്ക് പരിചയപ്പെടുത്തി. സിനിമകളിലും രചനകളിലും അദ്ദേഹത്തിന്റെ താല്പര്യം ചെറുപ്പത്തില്‍ത്തന്നെ ആരംഭിച്ചു. മികച്ച നടനുള്ള അവാര്‍ഡുകള്‍ നേടിയതിനുശേഷം, സംവിധാനം, അഭിനയം എന്നിവ തന്റെ കരിയറായി എടുക്കാന്‍ അദ്ദേഹം തീരുമാനിച്ചു.

അമേരിക്കന്‍ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം നിരന്തരമായ പോരാട്ടമായിരുന്നു. ആയോധനകലയിലെ അദ്ദേഹത്തിന്റെ ശക്തമായ പശ്ചാത്തലം സമാന താല്‍പ്പര്യങ്ങളുള്ള ധാരാളം ചങ്ങാതിമാരെ നേടാന്‍ സഹായിച്ചു. അവരുടെ സഹായത്തോടെ അദ്ദേഹം ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി, ഇത് പിന്നീട് 2018 ല്‍ തന്റെ ആദ്യത്തെ ഔദ്യോഗിക ഹ്രസ്വചിത്രമായ സീക്രട്ട് ഇന്റലിജന്‍സ് നിര്‍മ്മിക്കുന്നതിലേക്ക് നയിച്ചു. സ്റ്റണ്ട് കോറിയോഗ്രാഫര്‍, എഡിറ്റര്‍, ക്യാമറ എന്നിങ്ങനെ നിരവധി അമേരിക്കന്‍, ഹ്രസ്വ, ഫീച്ചര്‍ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു.

യുഎസില്‍ എത്തിയിട്ട് പത്തു വര്‍ഷം പിന്നിടുന്ന സന്ദീപ് എല്ലാ ആയോധന കലകളിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇതിലേറ്റവുമിഷ്ടം ഷാവോലിന്‍ കുങ്ഫു തന്നെ. പരിശീലനത്തിനായി പ്രതിദിനം അഞ്ചു മണിക്കൂര്‍ വരെയാണ് മാറ്റിവെക്കുന്നത്. അഭ്യാസമുറകള്‍ക്ക് പുറമേ മെഡിറ്റേഷനും സ്റ്റണ്ട് കോറിയോഗ്രാഫിയും നിരന്തരമായ തപസ്യ പോലെ അനുഷ്ഠിക്കുന്നു. ഫൈറ്റ് മാസ്റ്റര്‍ എന്ന നിലയ്ക്ക് ഹോളിവുഡില്‍ സാന്നിധ്യമുറപ്പിച്ചതിനു ശേഷമാണ് സംവിധാന രംഗത്തേക്ക് മാറിയത്. നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുള്ള സന്ദീപിനെ സംബന്ധിച്ചിടത്തോളം ഔട്ട്‌റേജ് എന്ന ചിത്രം വലിയൊരു മുന്നേറ്റമാണ് നല്‍കിയത്.

കോട്ടയം സിഎംഎസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സന്ദീപ് നാടകവേഷങ്ങളിലൂടെ അഭിനയമികവ് പ്രകടിപ്പിച്ചിരുന്നു. പിന്നീടാണ് ആയോധനകലകളുടെ അഭ്യാസമുറകള്‍ കൂടുതല്‍ പരിശീലിക്കാന്‍ നേപ്പാള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചത്. തുടര്‍ന്നായിരുന്നു യുഎസിലേക്ക് ചേക്കേറിയത്. ഹോളിവുഡിലാണ് ജോലിയെങ്കിലും താമസം ടെക്‌സസിലാണ്. സീക്രട്ട് ഇന്റലിജന്‍സ് എന്ന ആക്ഷന്‍ ഷോട്ട് ഫിലിമിലൂടെയാണ് സന്ദീപ് ഹോളിവുഡില്‍ മലയാളി സാന്നിധ്യം അറിയിക്കുന്നത്. തുടര്‍ന്ന് ദിസ് ഈസ് വാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചു.

ഇപ്പോള്‍ ബ്ലഡ് ഹണ്ട് എന്ന ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഒരു മലയാളസിനിമയും വൈകാതെ ഉണ്ടാവും, ഹോളിവുഡില്‍ തന്റേതായ രീതിയിലൊരു തട്ടകമൊരുക്കുകയാണ് ലക്ഷ്യം. അതൊരു ചെറിയ കാര്യമല്ല, അതിനുവേണ്ടിയുള്ള നിരന്തര ശ്രമത്തിലാണ്, സന്ദീപ് പറയുന്നു. എഴുത്തും സംവിധാനത്തിനുമൊപ്പം നിര്‍മ്മാണവും ഒരുമിച്ചു കൊണ്ടു പോകുന്ന സന്ദീപിനെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് വലിയൊരു അഭിനിവേശമാണ്. അതിനു വേണ്ടി ജീവിതമുഴിഞ്ഞു വച്ചിരിക്കുന്ന ഈ ചെറുപ്പക്കാരന്‍ മലയാളികളുടെ അഭിമാനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.