വാര്‍ധക്യത്തിലായപ്പോള്‍ തന്നെ സിനിമക്കാര്‍ക്കു വേണ്ടാതായെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഏപ്രില്‍ മാസം പാലക്കാട് അഹല്യ അഥര്‍വവേദ ഭൈഷജ്യ യജ്ഞത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കൈതപ്രം തന്റെ പരിഭവം പങ്കുവച്ചത്. 450ല്‍ അധികം സിനിമകള്‍ക്കു വേണ്ടി സംഗീതമൊരുക്കിയ മലയാളക്കര കണ്ട മികച്ച പ്രതിഭയാണ് അദ്ദേഹം. 450ല്‍ അധികം സിനിമയില്‍ താന്‍ പ്രവര്‍ത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതല്‍ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്‌കരന്മാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. അദ്ദേഹം പറഞ്ഞു.

പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. സാധാരണ നിലയില്‍ സിനിമക്കാര്‍ക്കു പോലും എന്നെ വേണ്ട, ഞാന്‍ അവശനാണ് എന്നാണ് അവര്‍ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കില്‍ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാന്‍ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്‌നേഹിക്കുന്ന ആളാണ്.

ധാരാളിത്തത്തിന്റെ ധൂര്‍ത്തിന്റെ കേന്ദ്രമായ സിനിമയില്‍ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാന്‍. ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ട്, ഞാന്‍ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങള്‍ ധിക്കാരിയാണ്. ഞാന്‍ ഒരിക്കലും ധിക്കാരിയല്ല, ഞാന്‍ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.