കൊച്ചി: ലക്ഷദ്വീപില്‍ കളക്ടറുടെ കോലം കത്തിച്ച്‌ പ്രതിഷേധിച്ച 24 പേര്‍ക്ക് ജാമ്യം ലഭിച്ചു. കൊവിഡ് പൊസിറ്റീവായ കെ.പി. മുഹമ്മദ് റാഫി ഒഴികെ 23 പേരും വീടുകളിലേക്ക് മടങ്ങി. മുഹമ്മദ് റാഫി കില്‍ത്താന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്.

ഇന്നലെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അമിനി സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിട്ടും റിമാന്‍ഡ് ചെയ്തെന്ന സയ്യിദ് മുഹമ്മദ് കോയയുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ജാമ്യം നല്‍കാന്‍ തങ്ങള്‍ തയ്യാറായിരുന്നെങ്കിലും അവര്‍ നിരസിച്ചെന്ന് കില്‍ത്താന്‍ പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ നിരാഹാര സമരം നടത്തിയവരുടെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും പൊലീസ് പറഞ്ഞു. പിന്നീട് ഇവരെ കില്‍ത്താന്‍ മജിസ്ട്രേട്ട് കോടതി ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ മേയ് 28ന് 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദ്യം അറസ്റ്റ് ചെയ്തു. 29 ന് ഉച്ചയോടെ 11 പേരെയും വൈകിട്ട് ഒരാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.