ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുങ്ങൾക്ക് ജന്മ നൽകി മാലി സ്വദേശിനിയായ യുവതി. മൊറോക്കോയിൽ വച്ചാണ് ഹലീമ സിസ്സേ എന്ന 25കാരി 9 കുട്ടികൾക്ക് ജന്മം നൽകിയത്. പ്രസവത്തിൽ ഏഴ് കുട്ടികൾ ഉണ്ടാവുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ, അതിലും രണ്ട് കുട്ടികൾ അധികമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു.

9 പേരിൽ അഞ്ച് പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് ഉള്ളത്. അൾട്രാസൗണ്ട് സ്കാനിംഗിൽ 7 കുട്ടികളെന്നാണ് കണ്ടത്. ഇത്തരത്തിൽ പ്രസവിക്കുന്നത് വളരെ അസാധാരണ സംഭവമാണെന്ന് ഡോക്ടർമാർ പറയുന്നു. ആഴ്ചകൾക്കു ശേഷം അമ്മയും കുഞ്ഞുങ്ങളും സ്വദേശത്തേക്ക് മടങ്ങുമെന്നാണ് വിവരം.

ഹലീമയുടെ അസാധാരണ ഗർഭധാരണം രാജ്യത്തിൻ്റെ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. 9 കുഞ്ഞുങ്ങൾ ഉള്ളതുകൊണ്ട് തന്നെ അവർക്ക് പ്രത്യേക ചികിത്സയും മറ്റും നൽകണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ തന്നെ ഇക്കാര്യത്തിൽ ഇടപെടുകയും ഉദ്യോഗസ്ഥർ മൊറോക്കോയിലെത്തുകയും ചെയ്തിരുന്നു.