സംസ്ഥാനം ഓക്സിജൻ കിടക്കകളുടെ ദൗർലഭ്യത്തിലേക്ക്. മിക്ക സർക്കാർ ആശുപത്രികളിലും ഓക്സിജൻ ബെഡുകൾ നിറയുന്ന നിലയായി. നിലവിൽ സ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജനിൽ ആയിരം ടൺ അടിയന്തരമായി കേരളത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

രണ്ടാം ഘട്ട രോഗവ്യാപനം തീവ്രമായതോടെ രോഗം സ്ഥിരീക്കരിക്കുന്നവരിൽ ഗുരുതര രോഗങ്ങളുള്ളവരുടെ എണ്ണവും വർധിക്കുന്നു. സർക്കാർ – സ്വകാര്യ മേഖലകളിൽ കൊവിഡ് ചികിത്സക്കായി മാറ്റിയ ഐസിയു – ഓക്സിജൻ കിടക്കകളും വെന്റിലേറ്ററുകളും നിറയുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 167 ഐസിയു കിടക്കകളുള്ളതിൽ 163 ലും രോഗികളുണ്ട്. എറണാകുളം ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 1,149 ഐസിയുകളിൽ 616 രോഗികളാണ് ചികിത്സയിലുള്ളത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ബാക്കിയുളളത് 6 ഐസിയു ബെഡ്ഡുകൾ മാത്രം. കൊല്ലത്ത് സർക്കാർ സ്വകാര്യ മേഖലകളിലായി 71 ശതമാനം ഐസിയു ബെഡുകളും 91 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു. അതേസമയം രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സാ സംവിധാനവും വിപുലമാക്കേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യം നേരിടാൻ സംസ്ഥാനം പര്യാപ്തമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോഡ്ജുകളും, ഹോസ്റ്റലുകളും  സി എഫ് എൽ ടി സികളാക്കി മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിഎഫ്എൽടിസികളിൽ 0.96 ശതമാനവും സിഎൽടിസികളിലെ 20.6 ശതമാനവും ഓക്സിജൻ കിടക്കകളാണ്. 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും ഇപ്പോൾ ഉപയോഗത്തിൽ ആണ്. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസിനു കീഴിലുള്ള ആശുപത്രികളിലെ 2028 ഓക്സിജൻ കിടക്കകളിൽ 1373ലും രോഗികളുണ്ട്.സ്വകാര്യ മേഖലയിൽ 66.12 ശതമാനം ഓക്സിജൻ കിടക്കകൾ ഉപയോഗത്തിലായിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.