സംസ്ഥാനത്തെ വാക്സിന്‍ സ്‌റ്റോക്ക്‌ വീണ്ടും താഴേക്ക്‌. പല ജില്ലയിലും വിവിധ വാക്സിനേഷന്‍ സെന്ററുകള്‍ താല്‍ക്കാലികമായി പൂട്ടി. കേന്ദ്രം കോവിഡ്‌ വാക്സിന്‍ അനുവദിക്കാത്തതാണ്‌ കാരണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ 50 ലക്ഷം ഡോസ്‌ വാക്സിന്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെറും രണ്ട്‌ ലക്ഷം ഡോസാണ്‌ അനുവദിച്ചത്‌.

നിലവിലെ വാക്സിന്‍ വിതരണമനുസരിച്ച്‌ ഇത്‌ ഒരു ദിവസത്തേക്കുപോലും തികയില്ല. പ്രതിദിന വാക്സിന്‍ വിതരണം മൂന്ന്‌ ലക്ഷത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു‌ സംസ്ഥാനം. സംസ്ഥാനത്ത്‌ ഇതുവരെ 47,27,565 പേര്‍ ആദ്യ ഡോസും 5,53,611 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

വാക്സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനത്താണ്‌ സംസ്ഥാനം. കഴിവതും ലഭ്യമായ ഡോസുകള്‍ നല്‍കി തീര്‍ക്കാനാണ്‌ സംസ്ഥാനത്തിന്റെ ശ്രമമെന്ന്‌ മന്ത്രി കെ കെ ശൈലജ പറഞ്ഞു. തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ്‌ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിച്ച മാസ്‌ വാക്സിനേഷന്‍ ക്യാമ്ബ്‌ താല്‍ക്കാലികമായി നിര്‍ത്തി.

നിലവില്‍ തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, എറണാകുളം തുടങ്ങി വിവിധ ജില്ലകളില്‍ കോവിഷീല്‍ഡ്‌ വാക്സിന്‍ പൂര്‍ണമായി തീര്‍ന്നു‌. ഇനി കോവിഷീല്‍ഡ്‌ വാക്സിന്‍ ലഭ്യമായതിനുശേഷം മാത്രമേ ആദ്യഡോസ്‌ സ്വീകരിച്ചവരുടെ രണ്ടാം ഡോസ്‌ വിതരണം പുനരംഭിക്കാനാകൂ.

വ്യാഴാഴ്ച 1282 സര്‍ക്കാര്‍ സ്ഥാപനത്തിലും 384 സ്വകാര്യ കേന്ദ്രത്തിലും ഉള്‍പ്പെടെ 1666 കേന്ദ്രത്തില്‍ വാക്സിന്‍ വിതരണം നടന്നു. രണ്ടായിരത്തോളം കേന്ദ്രത്തില്‍ വാക്സിന്‍ വിതരണം നടന്നിരുന്ന സ്ഥാനത്താണ് ഇത്‌.