അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച്‌ വിജിലന്‍സ് ഇന്നലെ വൈകീട്ട് ഷാജിക്ക് നോട്ടിസ് നല്‍കി.

രാവിലെ പത്തോടെ തൊണ്ടയാടുള്ള വിജിലന്‍സ് ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടിസില്‍ പറയുന്നു. എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യുക. രണ്ടുദിവസങ്ങളിലായി ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടും തെളിവുകളും അന്വേഷണസംഘം വ്യാഴാഴ്ച വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. കണ്ണൂരിലെ വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിലുള്ള രഹസ്യ അറയില്‍ കണ്ടെത്തിയ രേഖകളില്ലാത്ത 47,35,500 രൂപയും 60 ഗ്രാം സ്വര്‍ണാഭരണങ്ങളും കോഴിക്കോട്ടെ വീട്ടില്‍ നിന്ന് പിടിച്ച 491 ഗ്രാം സ്വര്‍ണാഭരണവും 30,000 രൂപയും രണ്ടു വീടുകളില്‍നിന്നുമായി പിടിച്ച 77 രേഖകളും സംബന്ധിച്ച റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.