വാഷിംഗ്ടൺ ഡി സി ∙ 2024 ൽ നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മത്സരിക്കുകയാണെങ്കിൽ ഞാൻ മത്സരംഗത്തുണ്ടാകുകയില്ലെന്നും ട്രംപിനു പിന്തുണ നൽകുമെന്നും മുൻ യുഎസ് അംബാസഡർ നിക്കി ഹേലി പറഞ്ഞു.

സൗത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഏപ്രിൽ 12 തിങ്കളാഴ്ച ന്യൂസ് കോൺഫറൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഹേലി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകും നിക്കിയെന്ന പ്രചരണം ശക്തമായിരുന്ന സാഹചര്യത്തിൽ നിക്കിയുടെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ഞെട്ടൽ ഉളവാക്കി.

ട്രംമ്പിന്റെ ജനപിന്തുണക്കു ഇതുവരെ ഒരു കുറവും ഉണ്ടായിട്ടില്ലെന്നും, 2024 ൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ട്രംപ് തന്നെയായിരിക്കുമെന്നാണു നിക്കിയുടെ പ്രസ്താവന അടിവരയിടുന്നത്.

ജനുവരി 6 ന് കാപ്പിറ്റോളിൽ നടന്ന സംഭവത്തിൽ നിക്കി ഹേലി ട്രംപിനെ ശക്തമായി വിമർശിച്ചിരുന്നുവെങ്കിലും ട്രംപിനെ പിണക്കാൻ ഒരിക്കലും അവർ ആഗ്രഹിച്ചിരുന്നില്ല, ട്രംപിൽ നിന്നും അൽപം മാറി സഞ്ചരിക്കാനാണു ഹേലി എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഈയിടെ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെ വിമർശിച്ചതിനെ ശരിവയ്ക്കുന്ന രീതിയിലാണു നിക്കി തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

ട്രംപ് പ്രസിഡന്റ് സ്ഥാനാർഥിയാകുകയാണെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിക്കുന്ന പേർ നിക്കി ഹേലിയുടേതായിരിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.