തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ചടങ്ങുകളിൽ മാറ്റമില്ല. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും.

ജില്ലാ കളക്ടറും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ആളുകളെ നിയന്ത്രിക്കുന്നത് എങ്ങനെ എന്നതായിരുന്നു പ്രാധാന ചർച്ച. തൃശൂർ പൂരം സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ മാർഗനിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തുടർന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്.

ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം ഉച്ചയ്ക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ, ഐഎംഎ ഭാരവാഹികൾ, സ്വകാര്യ ആശുപത്രി അധികൃതർ എന്നിവരുമായും ചർച്ച നടത്തും. പൂരത്തിന് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കുകയാണ് ലക്ഷ്യം. പൂരത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും, ദേവസ്വങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനുമായി വൈകീട്ട് തൃശൂർ പൂര നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപം നൽകിയ പ്രത്യേക സമിതിയും യോഗം ചേരും. ഈ മാസം 17നാണ് പൂരം കൊടിയേറുക. 23നാണ് തൃശൂർ പൂരം.