ചെന്നൈ: തമിഴ് നടന്‍ ശരത്കുമാറിനും ഭാര്യയും നടിയുമായ രാധിക ശരത്കുമാറിനും ചെക്ക് കേസില്‍ കോടതി തടവും പിഴയും വിധിച്ചു. ഒരു വര്‍ഷം തടവും അഞ്ചു കോടി രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 1.5 കോടിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. 2018ലാണ് റേഡിയന്‍സ് ശരത് കുമാറിനെതിരേ കേസ് നല്‍കിയത്.

ശരത് കുമാര്‍, രാധിക, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന മാജിക്ക് ഫ്രെയിംസ് കമ്ബനിക്കു വേണ്ടി റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 1.50 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പുറമെ 50 ലക്ഷം രൂപ പലിശരഹിത വായ്പയും ശരത്കുമാര്‍ എടുത്തിരുന്നു. ഇതിന് പകരം പത്ത് ലക്ഷം രൂപയുടെ അഞ്ച് ചെക്കുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ചെക്കുകളെല്ലാം അകൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.