ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകള്‍ നിര്ത്തരുത്പ്രമേഹരോഗികളില് ഹാര്‍ട്ടറ്റാക്കിനോടനുബന്ധിച്ച് ചെയ്യുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി അത്ര എളുപ്പമുള്ള കാര്യമല്ല. തണുത്ത്, ചെറുതും വികലവുമായ ഹൃദയധമനികളിലെ ബ്ലോക്ക് വികസിപ്പിച്ചെടുക്കുക ഏറെ ദുഷ്കരമാണ്. പലപ്പോഴും എല്ലാ കൊറോണറി ധമനികളിലും തന്നെ ബ്ലോക്കുണ്ടാകും. കൂടാതെ വൈകി ആശുപത്രിയിലെത്തുന്നതിനാല്‍ ഹൃദയ പരാജയമുണ്ടാകാനുള്ള സാധ്യതയും ഏറും.
ബൈപാസ് സര്‍ജറി
അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ പ്രമേഹരോഗികളെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണു പതിവ്. കൂടുതല്‍ ഹൃദയധമനികളെ ബാധിച്ചിരിക്കുന്ന ബ്ലോക്ക്, സങ്കോചന ശേഷിയുടെ മാന്ദ്യം തുടങ്ങിയ കാരണങ്ങളാല്‍ പ്രമേഹരോഗിക്ക് ഏറ്റവും ഉചിതമായത് ബൈപാസ് സര്‍ജറിതന്നെ.
പഞ്ചസാര അധികമുള്ളത്…
ആന്‍ജിയോപ്ലാസ്റ്റിക്കോ ബൈപാസ് സര്‍ജറിക്കോ ശേഷം ഒരു പ്രമേഹരോഗിയുടെ ജീവിതക്രമത്തില്‍ കര്‍ശനമായ പല പരിവര്ത്തനങ്ങളുമുണ്ടാകണം. ഈ ക്രിയാത്മകമായ കരുതല്‍തന്നെയാണ് രോഗിയെ അകാലമൃത്യുവില്നിന്നു രക്ഷപ്പെടുത്തുന്നതും. പഞ്ചസാര അധികമുള്ളതെന്തും വര്ജിച്ചതുകൊണ്ടുള്ള പഥ്യമായ ആഹാരശൈലി ഏറ്റവും പ്രധാനം.
പട്ടിണി കിടക്കണമെന്നല്ല
പ്രമേഹരോഗി പട്ടിണി കിടക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. യോജിച്ച ഭക്ഷണക്രമം തെരഞ്ഞെടുക്കാന്‍ പഠിക്കണം. കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി ആരംഭിക്കണം. കുറഞ്ഞത് 45 മിനിറ്റെങ്കിലും ദിവസേന വ്യായാമം ചെയ്യണം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും പൊതുവായ ശരീരാരോഗ്യം സന്തുലിതമാകാനും വ്യായാമം എന്ന ഔഷധം അനിവാര്യം. ഹൃദ്രോഗവിദഗ്ധന് നിര്‍ദേശിക്കുന്ന ഔഷധങ്ങള്‍ പിഴവുകൂടാതെ സേവിക്കണം.
എച്ച്ബി എ വണ്‍ സി
വൈദ്യനിര്‍ദേശമില്ലാതെ യാതൊരു കാരണവശാലും മരുന്നുകള്‍ നിര്‍ത്തരുത്. ബ്ലഡ് ഷുഗറും കൊളസ്ട്രോളും നിശ്ചിത കാലയളവില്‍ പരിശോധിച്ച് തിട്ടപ്പെടുത്തണം.
ഹൃദ്രോഗ പരിശോധനകളായ എക്കോകാര്‍ഡിയോഗ്രാഫിയും ട്രെഡ്മില് ടെസ്റ്റും കൃത്യമായ കാലയളവില്‍ ചെയ്യണം. പ്രമേഹ സൂചകമായ എച്ച്ബിഎ വണ്‍ സി 6.5 ല്‍ താഴെയാവാന്‍ പരിശ്രമിക്കണം. രക്തസമ്മര്‍ദവും അമിതവണ്ണവും കര്‍ശനമായി നിയന്ത്രിക്കണം.
ഒറ്റമൂലികളില്ല
പ്രമേഹ നിയന്ത്രണത്തിന് കുറുക്കുവഴികളില്ലെന്നോര്‍ക്കണം. പരസ്യങ്ങള്‍ക്കോ ഒറ്റമൂലികള്‍ക്കോ പിറകേ പോയി വഞ്ചിതരാകരുത്. അല്പമൊന്നു മെനക്കെട്ടാല്‍ പ്രമേഹരോഗിയുടെ ജീതം തികച്ചും ആസ്വാദ്യജനകമാകും.