തിരുവനന്തപുരം: മൂന്ന് സീറ്റുകളില്‍ ഒതുക്കിയതില്‍ പ്രതിഷേധിച്ച്‌ മുന്നണി യോഗം ബഹിഷ്‌കരിച്ച്‌ എല്‍ജെഡി. സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിന് പിന്നാലെ എല്‍.ജെ.ഡി നേതാക്കളായ എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തില്ല.

നാല് സീറ്റുകള്‍ വേണമെന്ന ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ചാണ് ഇരുവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഷേക്ക് പി ഹാരിസിന് മത്സരിക്കാന്‍ അമ്ബലപ്പുഴ, കായംകുളം എന്നിവയില്‍ ഒന്ന് നല്‍കണമെന്ന് എല്‍.ജെ.ഡി ആവശ്യപ്പെട്ടിരുന്നു.
എല്‍ജെഡി, ജനതാദള്‍ എസ് എന്നീ പാര്‍ട്ടികള്‍ക്ക് മൂന്ന് വീതം സീറ്റുകള്‍ നല്‍കാനാണ് ഇടതു മുന്നണിയുടെ തീരുമാനം.

വടകര, കൂത്തുപറമ്ബ്, കല്‍പ്പറ്റ മണ്ഡലങ്ങള്‍ എല്‍ജെഡിക്കും കോവളം, തിരുവല്ല, ചിറ്റൂര്‍ മണ്ഡലങ്ങള്‍ ജനതാദള്‍ എസിനും നല്‍കാനാണ് തീരുമാനം. കോവളത്ത് നീലലോഹിതദാസ് നാടാറും ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടിയും തിരുവല്ലയില്‍ മാത്യു ടി തോമസുമാണ് മത്സരിക്കുന്നത്.

അതേസമയം, ചങ്ങനാശേരി സീറ്റ് സംബന്ധിച്ച തര്‍ക്കം മുന്നണിയില്‍ നിലനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കുന്ന കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സി.പി.ഐ.

എല്‍.ഡി.എഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച്‌ ജനാധിപത്യ കേരള കോണ്‍ഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഡോ. കെ.സി ജോസഫ് പറഞ്ഞു. ജോസ് കെ. മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.