പാലക്കാട്: പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തനിക്കെതിരെ പോസ്റ്ററൊട്ടിച്ചത് ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ കെ ബാലന്‍. തരൂരിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ തീരുമാനമായിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബാലന്‍ വ്യക്തമാക്കി.
പത്താംതിയതി പിബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥിയ പ്രഖ്യാപിച്ചു എന്ന തരത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അസംബന്ധമാണെന്നും എ കെ ബാലന്‍ പറഞ്ഞു.
‘എന്റെയും കുടുംബത്തിന്റെയും ചരിത്രം ജനങ്ങള്‍ക്ക് കൃത്യമായി അറിയാം. ഓരോ തെരഞ്ഞെടുപ്പിലും എന്റെ ഭൂരിപക്ഷം വര്‍ധിച്ചിട്ടേയുള്ളൂ. സിപിഎം വോട്ടുകള്‍ കൊണ്ട് മാത്രമല്ല ഞാന്‍ വിജയിച്ചിട്ടുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥി ആരായാലും തരൂരില്‍ ചരിത്ര വിജയം നേടും’ എ കെ ബാലന്‍ പറഞ്ഞു.
പിബിയുടെ അംഗീകാരത്തോട് കൂടി 10ാം തിയ്യതിയായിരിക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. അതുവരെ ഇത്തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങല്‍ വരുന്നത് സ്വഭാവികമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പ്രക്രിയക്കിടയില്‍ ചില സ്ഥാനാര്‍ത്ഥികള്‍ വരും ചില സ്ഥാനാര്‍ത്ഥികള്‍ പോകും. പാലക്കാട് ജില്ലയിലെ ഏറ്റവും നല്ല ജനകീയ അംഗീകാരമുള്ള സ്ഥാനാര്‍ത്ഥികളായിരിക്കും വരിക.
യു.ഡി.എഫ് ഞെട്ടുന്ന സ്ഥാര്‍ഥികളെയായിരിക്കും പാലക്കാട് എല്‍ഡിഎഫ് അവതരിപ്പിക്കുക. തനിക്കെതിരെ പോസ്റ്ററൊട്ടിച്ചത് ഇരുട്ടിന്റെ സന്തതികളാണ്. സേവ് സിപിഎം ഫോറം പുതിയതായി രൂപം കൊണ്ടതല്ല. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വര്‍ഗ്ഗ ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘമാണിത്. തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ രംഗപ്രവേശനത്തിന്റെ ഉദ്ദേശ ശുദ്ധി തങ്ങള്‍ക്കറിയാമെന്നും മന്ത്രി എകെ ബാലന്‍ പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് പാലക്കാട് നഗരത്തില്‍ വിവിധയിടങ്ങളിലും സിപിഐഎം ജില്ല കമ്മറ്റി ഓഫീസിന് സമീപത്തും മന്ത്രി എകെ ബാലനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.പാര്‍ട്ടി അധികാരം വെച്ച്‌ മണ്ഡലത്തെ കുടുംബ സ്വത്താക്കാന്‍ ശ്രമിച്ചാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചടിക്കുക തന്നെ ചെയ്യും എന്നാണ് പോസ്റ്ററുകളിലുള്ളത്. സേവ് കമ്മ്യൂണിസ്റ്റ് എന്ന പേരിലണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
സിപിഎം പാലക്കാട് ജില്ല കമ്മറ്റി ഓഫീസ് പരിസരം, മന്ത്രിയുടെ വീടിന്റെ പരിസരം, പാലക്കാട് നഗരത്തിലെ വിവിധയിടങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്. മന്ത്രിയുടെ ഭാര്യ പികെ ജമീലയെ തരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പോസ്റ്ററുകള്‍. ജില്ല കമ്മറ്റിയോഗത്തില്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നെങ്കിലും സംസ്ഥാന കമ്മറ്റി പുറത്തുവിട്ട സാധ്യത പട്ടികയില്‍ പികെ ജമീല ഇടം നേടിയിരുന്നു.