ടെക്‌സസ്: സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് ലാന്‍ഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം പൊട്ടിത്തെറിച്ചു. സ്‌പേസ് എക്‌സിന്റെ അടുത്ത തലമുറ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോടൈപ്പ് ബുധനാഴ്ചയാണ് വിജയകരമായി വിക്ഷേപിച്ചത്. തൊട്ടു മുന്‍പ് പരീക്ഷിച്ച രണ്ട് വിക്ഷേപണങ്ങളും ലാന്‍ഡിംഗ് സമയത്തായിരുന്നു പൊട്ടിത്തെറിച്ചത്. എന്നാലിത് പരീക്ഷണം വിജയമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പൊട്ടിത്തെറിച്ചത്. ചൊവ്വാ ദൗത്യത്തിനായി വികസിപ്പിച്ചെടുത്ത സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പിന്റെ അവസാന പതിപ്പാണിത്.

പൊട്ടിത്തെറി സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് റോക്കറ്റിന്റെ പ്രോട്ടോടൈപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൃത്യ സമയത്ത് തന്നെ ടേക്ക് ഓഫ് ചെയ്ത പേടകം പത്ത് കിലോമീറ്ററോളം മുകളിലേക്ക് പോയി. നാല് മിനിറ്റ് 20 സെക്കന്‍ഡ് സമയം മുകളിലേക്ക് പോയ ശേഷമാണ് തിരിച്ചിറങ്ങിയത്. 6.20 മിനിറ്റില്‍ പേടകം വിജയകരമായി ലാന്‍ഡ് ചെയ്തു.

വിജയിച്ചതിന് പിന്നാലെ സ്‌പേസ് എക്‌സ് പേടകം തണുപ്പിക്കാനായി വെള്ളം ഉപയോഗിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ലാന്‍ഡ് ചെയ്ത് 8. 16 മിനിറ്റുകള്‍ക്ക് ശേഷം പേടകം പൊട്ടിത്തെറിക്കുകയായിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ കൊണ്ടുപോകാനുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പ്രോട്ടോടൈപ്പ് പൊട്ടിത്തെറിക്കുന്നത് ഇത് ആദ്യമായല്ല. ഡിസംബറിലും ഫെബ്രുവരിയിലും ഇത്തരത്തില്‍ പേടകം തകര്‍ന്നിട്ടുണ്ട്.