പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം. എ.വി. ഗോപിനാഥുമായി സിപിഐഎം നേതൃത്വം ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഇടത് സ്വതന്ത്രനായി എ.വി. ഗോപിനാഥ് മത്സരിച്ചേക്കും.

നിലവില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ചയിലാണ് എ.വി. ഗോപിനാഥ്. ജില്ലയിലെ പ്രമുഖനായ സിപിഐഎം എംഎല്‍എയാണ് എ.വി. ഗോപിനാഥുമായുള്ള ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സിപിഐഎം പിന്തുണയോടെ മത്സരിക്കുമെന്ന വാര്‍ത്ത എ.വി. ഗോപിനാഥ് തള്ളിയുമില്ല. താന്‍ നിലവില്‍ കോണ്‍ഗ്രസുകാരനാണെന്നും നാളെ എന്താണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.

തന്റെ യോഗ്യതക്കുറവ് എന്താണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ആത്മാര്‍ത്ഥമായ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ഇതുവരെ. ഇനിയുള്ള കാര്യം എങ്ങനെന്ന് പറയാനാകില്ല. ശരിയെന്ന് തോന്നുന്നത് ചെയ്യും.