ലോക്‌സഭാ അംഗങ്ങള്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ നിന്ന് കെ. മുരളീധരന്‍ എംപിക്ക് ഇളവ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനും കെ. സുധാകരനെ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിര്‍ദ്ദേശം. കെ. മുരളീധരന് ഇളവ് നല്‍കി നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നതില്‍ അനുകൂല നിലപാടുമായി എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം കൂടി വഹിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമായിരുന്നു കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനും മുല്ലപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാനുമാണ് നിലവിലെ തീരുമാനം. കെ. മുരളീധരന്റെ സാന്നിധ്യം പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യുമെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുരളീധരനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുന്നത്.