ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് കര്‍ഷകര്‍ സമരം തുടരുന്നതിനിടെ വീണ്ടും നിയമത്തെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്നും മോദി പറഞ്ഞു. ബജറ്റിലെ കാര്‍ഷിക മേഖലയുടെ വിഹിതം സംബന്ധിച്ച വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു മോദി.

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ നടപ്പാക്കാണ്ടത് ആവശ്യമാണ്. കര്‍ഷകരെ ഉല്‍പാദനത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നതിലൂടെ രാജ്യത്തിന് ഉണ്ടായ നഷ്ടമാണ് സംഭവിക്കുന്നത്.രാജ്യത്തിന്റെ കാര്‍ഷികോത്പന്നങ്ങളെ ആഗോളവിപണിയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം.കാര്‍ഷിക ഗവേഷണത്തിന് സ്വകാര്യമേഖലയ്ക്കും സുപ്രധാന പങ്കുണ്ടെന്നും മോദി പറഞ്ഞു.കാര്‍ഷിക ഗവേഷണം, വികസനം എന്നിവയില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കാര്‍ഷിക വായ്പാ പരിധി 16.50 ലക്ഷം കോടി രൂപയായും അടിസ്ഥാന സൗകര്യ ഫണ്ട് 40,000 കോടി രൂപയും സര്‍ക്കാര്‍ ഉയര്‍ത്തി. മൈക്രോ ഇറിഗേഷന്‍ ഫണ്ടും ഇരട്ടിയാക്കി.കാര്‍ഷിക അനുബന്ധ വ്യവസായത്തെ സഹായിക്കാന്‍ 11000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ ആരംഭിച്ചത്. മൃഗക്ഷേമം, ക്ഷീരോദ്പാദനം, മത്സ്യകൃഷി മേഖലകള്‍ക്കും അര്‍ഹമായ പ്രധാന്യം സര്‍ക്കാര്‍ നല്‍കി.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചെറുകിട കര്‍ഷകരെ ഭക്ഷ്യസംസ്കരണത്തില്‍ നാം സഹായിക്കേണ്ടതുണ്ട്. 21ാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് ഭക്ഷ്യം സംസ്കരണ വിപ്ലവമാണ് ആവശ്യം. ഗ്രാമങ്ങള്‍ക്ക് സമീപമുള്ള കാര്‍ഷിക വ്യവസായ ക്ലസ്റ്ററുകളുടെ എണ്ണം ഇന്ത്യ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി ഗ്രാമത്തിലെ ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.