കൊച്ചി: സിനിമാ താരം ധര്‍മജന്‍ ബോള്‍ഗാട്ടി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയ വേളയില്‍ തന്നെ ഉയര്‍ന്നുകേട്ട പേരാണ് ഇദ്ദേഹത്തിന്റെത്. കോഴിക്കോട്ടെ ബാലുശേരി, തൃശൂരിലെ ചേലക്കര, എറണാകുളത്തെ വൈപ്പിന്‍ എന്നിവിടങ്ങളിലെല്ലാം ധര്‍മജന്റെ പേര് ചര്‍ച്ച ചെയ്യുന്നുണ്ട്. ബാലുശേരിയിലെ കോണ്‍ഗ്രസ് പരിപാടികളിലും സമരവേദികളിലും ധര്‍മജന്റെ സാന്നിധ്യം സജീവമായതാണ് അദ്ദേഹം അവിടെ മല്‍സരിക്കുമെന്ന ചര്‍ച്ചയ്ക്ക് ഇടയാക്കിയത്.

ചെറുപ്പം മുതലേ കോണ്‍ഗ്രസ് അനുഭാവമുള്ള വ്യക്തിയാണ് ധര്‍മജന്‍. കെഎസ്‌യുവിലും യൂത്ത് കോണ്‍ഗ്രസിലും സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് നാട്ടിലെ കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുമുണ്ട്. സേവാദള്‍ വോളണ്ടിയര്‍ ആയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ തനിക്ക് അപരന്റെ ഭീഷണിയുണ്ടാകില്ലെന്ന് ധര്‍മജന്‍ പറയുന്നു. അതിന് കാരണം തന്റെ പേര് തന്നെയാണ്്. ഈ പേര് മറ്റൊരാള്‍ക്കും താന്‍ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അപരന്റെ ആശങ്കയില്ലെന്നും ധര്‍മജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ രാഷ്ട്രീയത്തില്‍ വരണം എന്നാണ് ധര്‍മജന്റെ അഭിപ്രായം. സിനിമയില്‍ കൂടുതലും കോണ്‍ഗ്രസ് ആഭിമുഖ്യമുള്ളവരാകുമെന്നും അദ്ദേഹം പറയുന്നു. താരസംഘടനയായ അമ്മയില്‍ എല്ലാ രാഷ്ട്രീയ ചിന്തയുള്ളവരുമുണ്ട്. പക്ഷേ അമ്മയില്‍ രാഷ്ട്രീയമില്ല. അതിന് താന്‍ സമ്മതിക്കില്ലെന്നും ധര്‍മജന്‍ പറഞ്ഞു. സിനിമാ മേഖലയില്‍ നിന്ന് കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലെത്തുന്നതാണ് പുതിയ കാഴ്ച. ധര്‍മജന്റെ സുഹൃത്തും നടനുമായ രമേഷ് പിഷാരടി, ഇടവേള ബാബു, മേജര്‍ രവി തുടങ്ങിയവരെല്ലാം അടുത്തിടെ കോണ്‍ഗ്രസ് വേദിയിലെത്തിയിരുന്നു.