ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താൽ തീയേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പൂർത്തിയായിരിക്കുകയാണ്. ഈ സുന്ദരവേളയിൽ ദുൽഖർ സൽമാൻ തൻ്റെ സിനിമയുമായി ബന്ധപ്പെട്ട വിശേഷം കുറിച്ചിരിക്കുകയാണ്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഋതു വര്‍മയാണ് നായികാ കഥാപാത്രമായി എത്തിയിരുന്നത്. ദുല്‍ഖറിന്‍റെ അഞ്ചാമത്തെ തമിഴ് ചിത്രമായിരുന്നു കണ്ണും കണ്ണും കൊള്ളൈയടിത്താൽ. വിഘ്‌നേശ് ശിവനായിരുന്നു ചിത്രത്തിലെ ഗാനങ്ങൾക്ക് വരികളൊരുക്കിയിരിക്കുന്നത്.

മസാല കോഫിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ മസാല കോഫിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു. താൻ വർക്ക് ചെയ്ത സിനിമകളിൽ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് കെകെകെ (കണ്ണും കണ്ണും കൊള്ളൈയടിത്താൽ)യുടെ റിലീസിൻ്റെ ഒരു വർഷമാണെന്നും ദുൽഖർ കുറിച്ചു.

ടീമിലെ എല്ലാവരോടും വലിയ സ്നേഹമെന്നും ഒരുപാടിഷ്ടത്തോടെ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഒരുപാട് നന്ദിയെന്നും ദുൽഖർ കുറിച്ചു. ചിത്രത്തിൻ്റെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ഓർമ്മകൾ അയവിറക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ 25-ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താൽ. പ്രണയത്തിന് പ്രാധാന്യമുള്ള, ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമുള്ള ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ചിത്രത്തിൻ്റെ സക്സസ് മീറ്റിൽ ദുൽഖർ ശബ്ദമിടറി സംസാരിക്കുന്നതിൻ്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം ഏറെ സ്പെഷ്യലാണെന്നും എല്ലാവരും ഒരേ മനസ്സോടെ ഏറ്റെടുത്ത ചിത്രത്തിൻ്റെ വലിയ സ്വീകാര്യത തന്നെ ഇമോഷണൽ ആക്കുകയാണെന്നും താരം അന്ന് പറഞ്ഞിരുന്നു.