ന്യൂഡൽഹി∙ ഇന്ധന നികുതിയിൽനിന്നു കേന്ദ്രസർക്കാർ ഈ വർഷം ലക്ഷ്യമിടുന്നതു 1.87 ലക്ഷം കോടി രൂപയുടെ അധികവരുമാനമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ.

പെട്രോൾ, ഡീസൽ വില ഓരോ ദിവസവും വർധിക്കുമ്പോഴും കേന്ദ്രം കാര്യമായ ഇടപെടൽ നടത്താത്തതിനു പിന്നിലും അധിക വരുമാനത്തിലുള്ള നോട്ടമാണെന്നു വിമർശനമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 2.67 ലക്ഷം കോടി രൂപയാണു കേന്ദ്രസർക്കാർ ഇന്ധന നികുതിയിലൂടെ ലക്ഷ്യമിട്ടതെങ്കിൽ ഇത്തവണ ലക്ഷ്യം മൊത്തം 4.54 ലക്ഷം കോടി രൂപ.

കഴിഞ്ഞ വർഷം മാർച്ചിൽ പെട്രോൾ, ഡീസൽ തീരുവ കേന്ദ്രസർക്കാർ 3 രൂപ വർധിപ്പിച്ചിരുന്നു. മേയിൽ തീരുവ വീണ്ടും വർധിപ്പിച്ചു. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാൻ ഇത്തവണ ബജറ്റിൽ ഉൾപ്പെടുത്തിയ പ്രത്യേക സെസും ഇന്ധന വില ഉയർന്നു നിൽക്കാൻ കാരണമായി. പെട്രോളിനു 2.5 രൂപയും ഡീസലിനു 4 രൂപയുമാണു കാർഷിക സെസ് ഏർപ്പെടുത്തിയത്.

ഇതിലൂടെ കേന്ദ്രത്തിനു ലഭിക്കുന്നതു 49,000 കോടി രൂപ. എക്സൈസ് തീരുവയിൽ കുറവു വരുത്തിയാണ് ഈ സെസ് ഏർപ്പെടുത്തിയതെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം. ഫലത്തിൽ വിവിധ നികുതികളിലൂടെ കേന്ദ്രത്തിനു ഡീസലിൽനിന്നു ലഭിക്കുന്നതു 31.83 രൂപയും പെട്രോളിൽനിന്നു ലഭിക്കുന്നതു 32.98 രൂപയും.

ഈ സാമ്പത്തിക വർഷം ഇന്ധന ആവശ്യം 8 % വർധിക്കുമെന്നും ഇതു അധിക നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നുമാണു വിലയിരുത്തൽ. ഇന്ധന എക്സൈസ് തീരുവയിലൂടെ കേന്ദ്രത്തിനു 2014–15 സാമ്പത്തിക വർഷം ലഭിച്ചതു 1.72 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 2019–20 സാമ്പത്തിക വർഷത്തിൽ ഇതു 3.43 ലക്ഷം കോടിയായി (94% വർധന).