ഡാലസ് ∙ഫെബ്രുവരി 14 ഞായറാഴ്ച അർധരാത്രി മുതൽ ആരംഭിച്ച കനത്ത ഹിമപാതം തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശക്തിപ്പെട്ടതോടെ അതിതീവ്ര ദുരിതം അനുഭവിക്കേണ്ടി വന്ന ടെക്സസ് ജനത പ്രത്യേകിച്ചു ഡാലസ് നിവാസികൾ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവന്നു തുടങ്ങി. ഗതാഗതവും സാധാരണ നിലയിലായി.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരുന്നു വൈദ്യുതി തകരാറും ജലവിതരണവും തടസപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ അതിശൈത്യത്തിൽ നിന്നും രക്ഷപെടാൻ പലരും സ്വന്തം ഭവനങ്ങളിൽ നിന്നും പാലായനം ചെയ്യേണ്ടി വന്ന സ്ഥിതിയും സംജാതമായി.

ഡാലസ് – ഫോർട്ട്‌വർത്ത് മേഖലകളിൽ മുക്കാൽ ഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടെങ്കിലും ചുരുക്കം ചില സിറ്റികളിൽ വൈദ്യുതി വിതരണം മുടങ്ങിയിരുന്നില്ലെന്നതും ആശ്വാസം പകർന്നു.

തണുത്തുറഞ്ഞ് പൈപ്പുകൾ പൊട്ടി പല വീടുകളിലും വെള്ളം കയറിയതും അപൂർവ്വ സംഭവമായിരുന്നു.

6 ഇ‍ഞ്ച് കനത്തിൽ ഡാലസ് കൗണ്ടിയിൽ ആദ്യമായി ഉണ്ടായ മഞ്ഞുവീഴ്ച നേരിടുന്നതിനു ഫലപ്രദമായ നടപടികൾ പെട്ടെന്നു സ്വീകരിക്കാൻ കഴിയാതിരുന്നതു സംഭവത്തെ ഗുരുതരാവസ്ഥ വർധിപ്പിച്ചു.

ഗ്രോസറി സ്റ്റോറുകളിൽ വെള്ളിയാഴ്ച രാവിലേയും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമല്ലായിരുന്നു. ഉച്ചയോടെ പല സ്റ്റോറുകളിലും പാൽ, മുട്ട, ബ്രഡ് തുടങ്ങിയ ലഭ്യമായി തുടങ്ങി.

വീടും പരിസരവും റോഡും മൂടി കിടന്നിരുന്ന സ്നോ വെള്ളിയാഴ്ച വൈകിട്ട് മിക്കവാറും അപ്രത്യക്ഷമായി. വെള്ളിയാഴ്ച ഉയർന്ന താപനില ഡാലസ് നിവാസികൾക്ക് ആശ്വാസമായി. പല സന്നദ്ധ സേവാ സംഘടനകളും സഹായത്തിന് തയാറായി മുന്നോട്ട് വന്നിരുന്നു.