ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച വിധി പറയും. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വിധി പറയുക. ഗൂഢാലോചനക്കാരെയും സംഘർഷമുണ്ടാക്കിയവരേയും എങ്ങനെ ബന്ധിപ്പിക്കുമെന്ന് വാദത്തിനിടയിൽ പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.

ദിശയുടെ ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് ശക്തമായി എതിർത്തു. ദിശ രവിക്ക് ഖാലിസ്ഥാൻ സംഘടനകളുമായി ബന്ധമുണ്ടെന്നും ദിശയുടെ പ്രവർത്തികൾ രാജ്യത്തെ അപകീർത്തിപ്പെടുത്തിയെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു വാദിച്ചു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് ആരോപണത്തിൽ അടിസ്ഥാനമില്ലെന്നും ദിശ രവിയുടെ അഭിഭാഷകൻ അഗർവാൾ ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.