അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാത്തത് പ്രത്യേകിച്ച് റോളൊന്നും ഇല്ലാത്തത് കൊണ്ടെന്ന് സംവിധായകന്‍ ഷാജി എന്‍ കരുണ്‍. കമല്‍ തന്നെ വിളിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. കലയെ രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുത്. കലാകാരന്മാര്‍ പരസ്പരം ബഹുമാനിക്കുന്ന സംസ്‌ക്കാരം പിന്തുടരണം. പലരുടെയും യഥാര്‍ത്ഥ പ്രതിഭ തിരിച്ചറിയുന്നത് അവരുടെ കാലശേഷമെന്ന പ്രവണത ഏറി വരുന്നതായും ഷാജി എന്‍ കരുണ്‍ കോഴിക്കോട്ട് പറഞ്ഞു.

അതേസമയം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കൊച്ചി എഡിഷന്റെ ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബഹിഷ്‌കരിച്ചു. സലിം കുമാറിനെ ഒഴിവാക്കിയത് സാംസ്‌കാരിക ഫാസിസമെന്ന് ചടങ്ങിന്റെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന ടി ജെ വിനോദ് എംഎല്‍എ പറഞ്ഞു. ദേശീയ അവാര്‍ഡ് ജേതാവായ സലിം കുമാറിനെ കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നാണ് ആക്ഷേപം.

സലിം കുമാറിനെ ഉദ്ഘാടനചടങ്ങില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച കമല്‍ വിളിച്ചിട്ടും മേളയില്‍ പങ്കെടുക്കില്ലെന്ന സലിം കുമാറിന്റെ നിലപാടിന് പിന്നില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടാകാമെന്ന് പറഞ്ഞു.

സലിം കുമാറിനെ ഒഴിവാക്കിയെന്ന് ആരോപിച്ച് സംവിധായകന്‍ ജോണ്‍ ടിറ്റോയുടെ നിശബ്ദ പ്രതിഷേധവുമുണ്ടായി. മത്സരവിഭാഗത്തിലെ 4 ചിത്രങ്ങള്‍ ഉള്‍പ്പെടെ ആദ്യദിനം 21 സിനിമകളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും വലിയ പങ്കാളിത്തം കൊച്ചിയിലെ ചലച്ചിത്ര മേളയില്‍ ഉണ്ട്.