ബോളിവുഡ് നടി സണ്ണി ലിയോണിന് എതിരെയുള്ള വഞ്ചനാ കേസില്‍ ക്രൈം ബ്രാഞ്ച് ഇന്ന് പരാതിക്കാരനായ ഷിയാസിന്റെ മൊഴിയെടുക്കും. നടിയുടെ ബോബെ സിറ്റി ബാങ്കിലെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഷിയാസ് 25 ലക്ഷം രൂപ നടിയുടെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടിരുന്നതിന് തെളിവ് ലഭിച്ചിരുന്നു

സണ്ണി ലിയോണിനെ ഉടന്‍ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നിലപാട്. ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവ് ലഭിച്ച ശേഷം നടിക്ക് കൂടി സ്വീകാര്യമായ സ്ഥലത്ത് വച്ച് ചോദ്യം ചെയ്യല്‍ നടത്തും. നോട്ടിസ് നല്‍കി വിളിപ്പിക്കില്ലെന്നും ക്രൈബ്രാഞ്ച് പറഞ്ഞു.

ഒന്നരക്കോടി രൂപയുടെ നഷ്ടം തനിക്ക് സംഭവിച്ചുവെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ്. കൊച്ചിയില്‍ വിവിധ ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ബഹ്‌റൈനിലെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരന്‍ പിന്നീട് ഉന്നയിച്ചു.

ഇതിന് പിന്നാലെ സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് മനഃപൂര്‍വമല്ലെന്നായിരുന്നു സണ്ണി ലിയോണ്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നല്‍കിയെന്നും എന്നാല്‍ ചടങ്ങ് നടത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോണ്‍ വ്യക്തമാക്കിയിരുന്നു.