2,613.38 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം. 147 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് 433.46 കോടി രൂപ അനുവദിച്ചു. ആശുപത്രികളുടെ നവീകരണത്തിന് 1,106.51 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സര്‍വകലാശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 175.12 കോടി രൂപ നല്‍കും. മൂവാറ്റുപുഴ ബൈപാസിന് ഉള്‍പ്പെടെ 504.53 കോടി രൂപ നല്‍കും.

ഇതോടെ ആകെ 43,250.66 കോടി രൂപയുടെ 889 പദ്ധതികള്‍ക്കാണ് കിഫ്ബി ധനാനുമതി നല്‍കിയിട്ടുള്ളത്. പുറമേ വിവിധ പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുപ്പിന് വേണ്ടി 20000 കോടി രൂപയുടെ സ്ഥലമെടുപ്പ് പാക്കേജിനും അനുമതി നല്‍കി കഴിഞ്ഞു. ഈ ലാന്‍ഡ് അക്വിസിഷന്‍ പൂളില്‍ ഉള്‍പ്പെടുത്തി ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് ഭൂമി ഏറ്റെടുക്കാന്‍ 200.60 കോടി രൂപയ്ക്കും ഇന്നത്തെ കിഫ്ബി എക്‌സിക്യൂട്ടിവ്, ബോര്‍ഡ് യോഗങ്ങള്‍ അനുമതി നല്‍കി.

60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായകമായ സാമ്പത്തിക മാനേജ്‌മെന്റിന് ഏറ്റവും നൂതനമായ എഎല്‍എം(അസറ്റ് ലയബിലിറ്റി മാനേജ്‌മെന്റ്) സംവിധാനമാണ് കിഫ്ബിയില്‍ ഉളളത്. കിഫ്ബിയുടെ ഫണ്ട് മാനേജ്‌മെന്റിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് അതിനനനുസരിച്ച് ലിക്വിഡിറ്റി,പലിശ നിരക്ക് പോലെ ഫണ്ട് മാനേജ്‌മെന്റില്‍ വരാവുന്ന പ്രതിസന്ധികളെ നിരീക്ഷിച്ച് വിലയിരുത്തി മാനേജ് ചെയ്യാന്‍ കിഫ്ബിയെ സഹായിക്കുന്നത് ഈ എഎല്‍എം സിസ്റ്റം ആണ്.

കിഫ്ബിയുടെ 18ാമത് എക്‌സിക്യുട്ടിവ് കമ്മിറ്റി യോഗത്തിനും 41ാമത് ബോര്‍ഡ് യോഗത്തിനും ശേഷം ധനമന്ത്രിയും കിഫ്ബി വൈസ് ചെയര്‍പേഴ്‌സണും ആയ ഡോ.ടി എം തോമസ് ഐസക് മാധ്യമങ്ങളെ കണ്ടു. കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം, കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രം ജിത് സിംഗ് ഐപിഎസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിക്കൊപ്പം പങ്കെടുത്തു.